വിശുദ്ധ ഖുര്‍‌ആനില്‍ പതിനൊന്ന് സ്ഥലങ്ങളിലായി ഇബ്‌ലീസിന്റെ പേര്‍ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.അഹങ്കാരത്തിന്റെ പര്യായമായിരുന്ന അയാളെ ഖുര്‍‌ആന്‍ ഒരിടത്തും പുകഴ്ത്തി പറഞ്ഞിട്ടില്ല. എന്നാല്‍ പറഞ്ഞത് മുഴുവന്‍ ആക്ഷേപിച്ചു കൊണ്ടു തന്നെയാണ്‌. “അസാസീല്‍” എന്നായിരുന്നു അയാളുടെ ആദ്യനാമം. അല്ലാഹു ശപിച്ചു വിട്ടതിന് ശേഷമാണ്‌ ഇബ്‌ലീസ് എന്ന പേര്‍ സിദ്ധിച്ചത് – ഇയാള്‍ ആദ്യകാലത്ത് വലിയൊരു ഭക്തനായിരുന്നു. അന്ന് മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചിരുന്നില്ല. മനുഷ്യപിതാവായ ആദം(അ) സൃഷ്ടിക്കപ്പെടുന്നതിന്റെ വളരെ കൊല്ലങ്ങള്‍ക്കു മുമ്പുതന്നെ ഇയാള്‍ ജനിച്ചുകഴിഞ്ഞിരുന്നു. ആകാശലോകത്ത് വെച്ച് മലക്കുകള്‍ക്ക് അദ്ധ്യാപനം നടത്തുകയായിരുന്നു ഇബ്‌ലീസിന്റെ മുഖ്യ തൊഴില്‍. അത്രക്കും ശ്രേഷ്ഠനും ഉല്‍കൃഷ്ടനുമായിരുന്നു ഇബ്‌ലീസ്. അങ്ങിനെ ഇബ്‌ലീസ് വളരെ മഹത്വത്തോടെ കഴിയുന്ന കാലം.

അക്കാലത്താണ്‌ അല്ലാഹു ആദമിനെ സൃഷ്ടിക്കാന്‍ തീരുമാനമെടുത്തത്. ഇക്കാര്യം അവന്‍ മലക്കുകളെ അറിയിച്ചു. ഈ സംഭവത്തെ കുറിച്ചു വിശുദ്ധഖുര്‍‌ആന്‍ ഇങ്ങിനെ പറയുന്നു.

“ഭൂമിയില്‍ ഒരു പ്രതിനിധിയെ നാം നിശ്ചയിക്കുകയാണെന്ന് താങ്കളുടെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കൂ. അവര്‍ (മലക്കുകള്‍) മറുപടി പറഞ്ഞു, നാശമുണ്ടാക്കുകയും രക്തച്ചൊരിച്ചിലുണ്ടാക്കുകയും ചെയ്യുന്നവരെ നീ ഭൂമിയില്‍ നിശ്ചയിക്കുകയാണോ? ” (വി-ഖു‌)

എന്നാല്‍ മലക്കുകളുടെ തടസ്സവാദം അല്ലാഹു സ്വീകരിക്കുകയുണ്ടായില്ല. അല്ലാഹു അവരോടിങ്ങനെ മറുപടി പറഞ്ഞു. “നിശ്ചയമായും നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ എനിക്കറിയാം.”

അങ്ങിനെ അല്ലാഹു മലക്കുകളുടെ പ്രതികരണം കണക്കിലെടുക്കാതെ ആദം(അ) യെ സൃഷ്ടിച്ചു. ആദം നബിക്ക് അല്ലാഹു സര്‍‌വ്വവസ്തുക്കളുടേയും നാമങ്ങള്‍ പടിപ്പിച്ചു. മലക്കുകളുടെ എതിര്‍പ്പുകളെ ഖണ്‌ധിക്കാനായിരുന്നു അല്ലാഹു അങ്ങിനെ ചെയ്തത്. ഭൂമിയില്‍ സൃഷ്ടിക്കാന്‍ പോവുന്ന മനുഷ്യന്‌, മലക്കുകളെക്കാള്‍ അറിവും, കഴിവും, ബുദ്ധിശക്തിയുമുണ്ടെന്ന് തെളിയിക്കുകയായിരുന്നു അല്ലാഹുവിന്റെ പ്രധാന ലക്ഷ്യം. ആ ലക്ഷ്യം അവന്‍ നിറവേറ്റുകയായിരുന്നു. അതിനെക്കുറിച്ച് ഖുര്‍‌ആന്‍ ഇങ്ങിനെ പ്രസ്താവിക്കുന്നു.

“ആദമിന്ന് അല്ലാഹു സര്‍‌വ്വസാധനങ്ങളുടേയും പേരുകള്‍ പടിപ്പിച്ചു. അനന്തരം അവന്‍ മലക്കുകള്‍ക്ക് ആ സാധനങ്ങളെല്ലാം കാണിച്ചുകൊണ്ട് നിങ്ങള്‍ മുമ്പ് വാദിച്ച കാര്യത്തില്‍ യഥാര്‍ത്ഥവാദികളാണെങ്കില്‍ ഇവയുടെ പേരുകള്‍ എന്നോട് പറയുവീന്‍ എന്ന് പറഞ്ഞു. നീ പരിശുദ്ധനാണ്‌. നീ പടിപ്പിച്ചുതന്നതല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കറിയില്ല. നീ അറിയുന്നവനും, യുക്തിപൂര്‍‌വ്വം പ്രവര്‍ത്തിക്കുന്നവനുമാണ്‌.” (വി-ഖു)

മലക്കുകള്‍ അതില്‍ പരാജയപ്പെട്ടു. അവര്‍ തങ്ങളുടെ അല്പജ്ഞാനം സമ്മതിച്ചു കഴിഞ്ഞു. അല്ലാഹുവിന്റെ അഗാതജ്ഞാനത്തെ അവര്‍ വാഴ്ത്തി. തുടര്‍ന്ന് ആദംനബി(അ) നോട് ആ സാധനങ്ങളുടെ പേരുകള്‍ ഓരോന്നായി മലക്കുകള്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ അല്ലാഹു കല്പിച്ചു. അദ്ദേഹം അത് നിഷ്പ്രയാസം പറഞ്ഞു കൊടുക്കുകയുണ്ടായി. ഇത് കേട്ട് മലക്കുകള്‍ അത്ഭുതപരതന്ത്രരായി. അവര്‍ വീണ്ടും അല്ലാഹുവിനെ വാഴ്ത്തി. ഇത്രയും ശ്രേഷ്ഠമായ ഒരു സൃഷ്ടിയെ പടച്ചുണ്ടാക്കിയ സൃഷ്ടാവിനെ അവര്‍ കൃതജ്ഞ‌താപൂര്‍‌വ്വം വന്ദിച്ചു. തങ്ങള്‍ക്കില്ലാത്ത പല കഴിവുകളും മനുഷ്യനുണ്ടെന്ന് അവര്‍ക്ക് ബോദ്ധ്യം വന്നു. തങ്ങള്‍ മുമ്പ് രേഖപ്പെടുത്തിയ തടസ്സവാദത്തില്‍ അവര്‍ അല്ലാഹുവിനോട് മാപ്പു ചോദിച്ചു. എന്നാല്‍ അല്ലാഹു ഒരു പ്രായശ്ചിത്തം ചെയ്യാനാണ്‌ അവരോടാജ്ഞാപിച്ചത്. അതായത് ആദമിന്ന് ഒരു സുജൂദ് ചെയ്യാന്‍. ഇതെല്ലാം നടക്കുമ്പോള്‍ ഇബ്‌ലീസും സ്ഥലത്തുണ്ടായിരുന്നു. അയാളും ആദ്യം തടസ്സവാദം ഉന്നയിച്ച കൂട്ടത്തിലാണ്‌. അത് കാരണം പ്രായശ്ചിത്തം ചെയ്യാന്‍ ഇബ്‌ലീസും ബാദ്ധ്യസ്ഥനാണ്‌. പക്ഷെ, ഇബ്‌ലീസതനുസരിച്ചില്ല. മലക്കുകളെല്ലാം അത് ചെയ്തു. ഇബ്‌ലീസ് മാത്രം അഹങ്കാരം കാണിച്ചു.

ആ സംഭവത്തെ പറ്റി ഖുര്‍‌ആന്‍ പ്രസ്താവിക്കുന്നു.

“ആദമിന്ന് സുജൂദ് ചെയ്യാനായി മലക്കുകളോട് നാം പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. ഇബ്‌ലീസൊഴികെ മറ്റെല്ലാവരും സുജൂദ് ചെയ്തു. അവന്‍ വൈമനസ്യം കാണിക്കുകയും അഹങ്കരിക്കുകയുമാണ്‌ ചെയ്തത്. അത് മൂലം അവന്‍ സത്യനിഷേധികളുടെ കൂട്ടത്തില്‍ പെട്ടവനായി തീര്‍ന്നു.” (വി. ഖു)

ദുരഭിമാനം ഇബ്‌ലീസിനെ മനുഷ്യശത്രുവാക്കി മാറ്റി. മനുഷ്യന്റെ വിജ്ഞാന പുരോഗതിയില്‍ അവന്ന് അഹങ്കാരമാണ്‌ തോന്നിയത്.

താന്‍ അഗ്നിയില്‍ സൃഷ്ടിക്കപ്പെട്ടവന്‍. മനുഷ്യന്‍ മണ്ണാലും. താനെങ്ങിനെ അവന്ന് സുജൂദ് ചെയ്യും. ഇബ്‌ലീസിന്റെ അഹങ്കാരമായിരുന്നു ഇത്. അവന്‍ അല്ലാഹുവിന്റെ കല്പനയെ ധിക്കരിച്ചു. അവന്റെ യുക്തിവാദം അവനെ ശപിക്കപ്പെട്ടവനാക്കി. ഇബ്‌ലീസിനെ അല്ലാഹു ചോദ്യം ചെയ്തു. ആ രംഗം വിശുദ്ധ ഖുര്‍‌ആന്‍ ഇങ്ങിനെ വിവരിക്കുന്നു.

“അല്ലാഹു ചോദിച്ചു. എന്റെ കൈകള്‍ കൊണ്ട് സൃഷ്ടിച്ച വസ്തുവിന്ന് സാഷ്ടാംഗം ചെയ്യാന്‍ നിനക്ക് തടസ്സമെന്തായിരുന്നു. നീ അഹങ്കരിച്ചതുകൊണ്ടോ, അതല്ല അത്രക്ക് വലുതായതുകൊണ്ടോ? അവന്‍ മറുപടി പറഞ്ഞു. ഞാന്‍ അവനേക്കാള്‍ ശ്രേഷ്ടനാണ്‌. എന്നെ സൃഷ്ടിച്ചത് അഗ്നികൊണ്ടും ആദമിനെ നീ സൃഷ്ടിച്ചത് കളിമണ്ണുകൊണ്ടുമാണല്ലോ.” (വി. ഖു)

അല്ലാഹുവിന്റെ ആജ്ഞ യുക്തിവാദം കൊണ്ട് ഖണ്ഡിച്ച ഇബ്‌ലീസ് അതോടെ എല്ലാപദവികളും നഷ്ടപ്പെട്ടവനായി. അവന്റെ അഹങ്കാരത്തിന്റെ ഫലം അവന്‍ അനുഭവിക്കുകയായിരുന്നു. അവന്റെ എല്ലാസല്‍ക്കര്‍മ്മങ്ങളും അതോടെ പമ്പ കടന്നു. അല്ലാഹു ഇബ്‌ലീസിനെ തന്റെ ഭക്തജനങ്ങളുടെ പട്ടികയില്‍ നിന്ന് എടുത്തുമാറ്റി. അല്ലാഹു അവനെ പുറം തള്ളി. ആ രംഗം ഖുര്‍‌ആന്‍ ഇങ്ങിനെ വിവരിക്കുന്നു.

“അല്ലാഹു പറഞ്ഞു. അവിടെ നിന്നിറങ്ങിപ്പോകൂ. അവിടെ നിനക്ക് അഹങ്കരിക്കാന്‍ അവകാശമില്ല. നീ പുറത്തുപോകണം. നീ നിന്ദ്യരില്‍ പെട്ടവനാണ്‌.” (വി. ഖു)

അനന്തരം ഇബ്‌ലീസ് തനിക്കു അന്ത്യനാള്‍‌വരെ ജീവിതായുസ്സ് നല്‍‌കണമെന്ന് അല്ലാഹുവിനോട് അപേക്ഷിച്ചു. അവന്റെ പൂര്‍‌വ്വകാലപുണ്യകൃത്യങ്ങളുടെ പ്രതിഫലമെന്നോണം അല്ലാഹു അവന്റെ ആവശ്യങ്ങള്‍ വകവെച്ചുകൊടുത്തു.

സന്തുഷ്ടനായ ഇബ്‌ലീസ് അപ്പോള്‍ തന്നെ അല്ലാഹുവിനോട് ഇങ്ങിനെ പ്രതിജ്ഞ ചെയ്തു.

“നിന്റെ യശസ്സ്കൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു. മനുഷ്യസമൂഹത്തെ മുഴുവനും, നിശ്ചയമായും ഞാന്‍ ദുര്‍മ്മാര്‍‌ഗ്ഗികളാക്കും. നിന്റെ നിഷ്കളങ്കന്മാരായ ദാസന്മാരൊഴികെ.” (വി. ഖു)

ആദം നബി(അ) മിനെ കൊണ്ടാണ്‌ തന്റെ എല്ലാ പദവികളും നഷ്ടപ്പെട്ടതെന്ന് മനസ്സിലാക്കിയ ഇബ്‌ലീസ് തന്റെ ചതി പ്രയോഗങ്ങളുമായി മനുഷ്യര്‍‌ക്കിടയില്‍ ഇന്നും സഞ്ചരിക്കുകയാണ്‌. അവന്റെ ചതിപ്രയോഗത്തില്‍ നിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ…

Recommend to friends
  • gplus
  • pinterest

About the Author

Leave a comment