സത്യവും മിഥ്യയും തമ്മിൽ തിരിച്ചറിയാൻവയ്യാത്തവിധം അതിഭാവന കലർന്നതും യാഥാർഥ്യവുമായി ബന്ധമില്ലാത്തതുമായ പരസ്യങ്ങളുടെ നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നു. നാടിന്റെ പ്രകൃതിഭംഗിയെ മറയ്ക്കത്തക്കവിധം വഴിയോരങ്ങളും തെരുവീഥികളും പരസ്യപ്പലകകളും ചിത്രങ്ങളും കീഴടക്കിയിരിക്കുന്നു. സമ്മേളനങ്ങളും ആഘോഷങ്ങളും അലങ്കാരത്തിന്റെപേരിൽ മലീമസമാക്കുന്നതു പൊതുസ്ഥലങ്ങളെയാണ്‌.

പ്രകൃതിയെ സംരക്ഷിക്കേണ്ടവരായ നമ്മൾ, ആവശ്യംകഴിഞ്ഞു പ്രകൃതിയെ നശിപ്പിക്കുകയാണ്‌. യാഥാർഥ്യത്തിൽനിന്നു വ്യക്തികളുടെ ശ്രദ്ധയെ അകറ്റി, ഭാവനയുടെയും സാങ്കല്പികതയുടെയും മിഥ്യകളുടെയും ഒരു ലോകം വശ്യഭംഗിയോടെ ഇവിടെ ജനങ്ങളെ കീഴടക്കുന്നു. പാർശ്വവഴിയോ, ഉപവഴിയോ ആയി നിൽക്കേണ്ട കാര്യങ്ങളെ മുഖ്യവഴിയായി ചിത്രീകരിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌. യാഥാർഥ്യബോധമില്ലാത്തതും സത്യവുമായി ബന്ധമില്ലാത്തതുമായ പരസ്യങ്ങൾ അപകടകാരികളാണ്‌.

അമിതപരസ്യങ്ങൾവഴി, ആവർത്തിച്ചു കാണുന്നതും കേൾക്കുന്നതും സത്യമാണെന്നു ജനങ്ങൾ കരുതുന്നു. പരസ്യങ്ങൾ അപ്പാടെ നിരോധിക്കണം എന്ന അപ്രായോഗികകാര്യമല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. യാഥാർഥ്യബോധത്തിലേക്കു തിരിച്ചെത്തുക എന്നതു നമ്മുടെ സമൂഹത്തിന്റെ സത്വര ആവശ്യങ്ങളിൽ ഒന്നാണ്‌ എന്ന തിരിച്ചറിവ്‌ നേടുക എന്നതാണ്‌ ഉദ്ദേശിക്കുക.

പരസ്യങ്ങളുടെ മാസ്മരികതയിലും മിഥ്യകളിലും നഷ്ടം സംഭവിക്കാത്ത ഒരു മേഖലയും നമുക്കില്ല. മതം, രാഷ്ട്രീയം, കല, സംസ്കാരം, സമ്പത്ത്‌, വിദ്യാഭ്യാസം, വിനോദം, ഭക്ഷണക്രമം, വസ്ത്രധാരണം, ജീവിതചര്യകൾ ഇവയെല്ലാം പരസ്യങ്ങളുടെ വലയത്തിനുള്ളിൽ ഭ്രമണം നടത്തുന്നു. ജീവിതത്തിന്‌ ആഴവും അർഥവും നല്കുന്ന ആന്തരികതയും രഹസ്യാത്മകതയും നഷ്ടമാകുന്നു. അമിതമായ ദൃശ്യവൽക്കരണ വ്യഗ്രതയ്ക്കിടയിൽ ആഴമായ പ്രബോധനവും ചിന്തകളും നഷ്ടമാകുന്നു. മഹാസമുദ്രത്തിന്റെ ആഴവും ഹിമവാന്റെ ഉയരവും ആകാശത്തിന്റെ വിശാലതയും സൂര്യന്റെ തേജസും ചന്ദ്രന്റെ കുളിർമയും കാറ്റിന്റെ സ്വാതന്ത്ര്യവും മേഘങ്ങളുടെ ചടുലതയുമുള്ള ജീവിതം മുഴങ്ങുന്ന ചേങ്ങലയും ചിലമ്പുന്ന കൈത്താളവുമായി അധഃപതിക്കുന്നു. ജീവിതത്തിന്‌ അർഥംനല്കുന്ന ബന്ധങ്ങൾ ശിഥിലമാവുകയും ആഴം നല്കുന്ന മൂല്യങ്ങൾ തിരസ്കരിക്കപ്പെടുകയും ചെയ്യുന്നു.

പരസ്യങ്ങളിലൂടെ രഹസ്യം നഷ്ടപ്പെടുന്നു. പണവും പ്രശസ്തിയും അധികാരവും നല്ല വേലക്കാരാണ്‌. പക്ഷേ, ക്രമേണ ഈ വേലക്കാർ കയറി യജമാനനെ ഭരിക്കുന്നു എന്നതിലാണ്‌ അപകടം. വേഗത്തിൽത്തന്നെ യജമാനൻ അടിമയാക്കപ്പെടുന്നു. ദൈവവിചാരത്തിൽനിന്നു മനുഷ്യനെ വിച്ഛേദിക്കുന്ന അമിത പരസ്യങ്ങളുടെ പശ്ചാത്തലത്തിൽ സംഭവിക്കുന്നതാണിത്‌.

കഴിഞ്ഞുപോയ രണ്ടു പതിറ്റാണ്ടുകാലം സാമ്പത്തികരംഗത്ത്‌ എത്രയധികം കബളിപ്പിക്കലുകൾക്കു ജനങ്ങൾ വിധേയരായി. എല്ലാം പരസ്യമെന്ന മാസ്മരികതയുടെ വിജയം. ഫാമുകളും, ഫ്ളാറ്റുകളും, മണിചെയിനുകളും, തവണകളായി പണമടച്ചു സാധനങ്ങൾ വാങ്ങിക്കുന്ന സമ്പ്രദായങ്ങളും കേരളസമൂഹത്തിന്റെ ധനാർത്തിയും ഓർമക്കുറവും വെളിപ്പെടുത്തുന്നു. നല്കുന്ന പണം കുറഞ്ഞ സമയംകൊണ്ട്‌ ഇരട്ടിയാക്കിത്തരാം എന്നു നിരന്തരം പരസ്യം കാണുമ്പോൾ പലരും അതിൽ പെട്ടുപോകുന്നു.

നമ്മൾ വൻ ചതിക്കുഴിയിൽപ്പെട്ടു എന്നു തിരിച്ചറിയുമ്പോഴേക്കും മോഹനവാഗ്ദാനങ്ങൾ നല്കിയവർ സംസ്ഥാനം വിട്ടിരിക്കും. അല്പകാലത്തിനുശേഷം കഥ മറ്റൊരു ഭാവത്തിലും വേഷത്തിലും ആരംഭിക്കുകയായി. പുതിയ ഒരുപറ്റം ആളുകൾ പുതിയ പദ്ധതിയുടെ അംഗങ്ങളായി ചതിക്കപ്പെടുന്നു. പക്ഷേ, ആരും പാഠങ്ങൾ പഠിക്കുന്നില്ല. പരസ്യങ്ങളുടെ വശീകരണത്തെ അതിജീവിക്കാൻ ആർക്കും കഴിയുന്നില്ല.

ഒരു അമേരിക്കൻ സർവകലാശാലയിൽ നടത്തിയ രസകരമായ ഒരു പരീക്ഷണമുണ്ട്‌. പങ്കെടുപ്പിച്ച എല്ലാവരെക്കൊണ്ടും ഒരു വാചകം വ്യത്യസ്തമായവിധം പൂരിപ്പിക്കുക എന്നതായിരുന്നു പരീക്ഷണം. ഞാൻ ഒരു ……….. അല്ലാത്തതിനാൽ എനിക്ക്‌ സന്തോഷമാണ്‌ ഇതായിരുന്നു പൂരിപ്പിക്കേണ്ട വാക്യം. ഞാൻ ഒരു മാനസികരോഗി അല്ലാത്തതിനാൽ, എയ്ഡ്സ്‌ രോഗി അല്ലാത്തതിനാൽ, മന്ദബുദ്ധി അല്ലാത്തതിനാൽ, എനിക്കു സന്തോഷമാണ്‌. ഇപ്രകാരം പൂരിപ്പിച്ചവരുടെ എല്ലാവരുടെയും മനസിന്റെ സന്തോഷനിലവാരം വർധിക്കുകയും ജീവിതത്തോടുള്ള കൃതജ്ഞതാഭാവം വളരുകയും ചെയ്തതായി കാണപ്പെട്ടു.

മറ്റൊരു ഗ്രൂപ്പിനു നല്കിയ ചോദ്യം, അവരുടെ മനസിലെ ആഗ്രഹങ്ങൾ ഉണർത്തുന്ന ഒരു വാചകം അഞ്ചു പദങ്ങൾ എഴുതി പൂർത്തിയാക്കാനായിരുന്നു: ഞാൻ ആഗ്രഹിക്കുകയാണ്‌ ……… ഞാനൊരു കോടീശ്വരൻ ആയിരുന്നെങ്കിൽ, ഒരു പ്രധാനമന്ത്രി ആയിരുന്നെങ്കിൽ, വൈസ്‌ ചാൻസലർ ആയിരുന്നെങ്കിൽ, പ്രസിദ്ധ ഗായകനായിരുന്നെങ്കിൽ! ഓരോ പ്രാവശ്യവും പൂരിപ്പിക്കുമ്പോഴും പങ്കെടുത്തവരുടെ ജീവിതസന്തോഷം കുറഞ്ഞുവരുന്നതായും അതൃപ്തിയുടെ തോത്‌ വർധിക്കുന്നതായും കാണപ്പെട്ടു.

മോഹങ്ങൾ സംതൃപ്തി വർധിപ്പിക്കുകയില്ല, മനഃക്ളേശം വർധിപ്പിക്കുകയേ ഉള്ളൂ. സമ്പത്തിലെ ലാഭക്കണക്കുകൾ പരസ്യത്തിലൂടെ പ്രത്യക്ഷപ്പെടുമ്പോൾ, മോഹങ്ങൾ വർധിക്കുന്നു. പരിണിതഫലം ചതിക്കുഴികളിൽ വേഗം ചെന്നുചാടുന്നു എന്നതാണ്‌. യാഥാർഥ്യബോധം നഷ്ടപ്പെടുമ്പോൾ, സ്വപ്നസൗധങ്ങൾ പടുത്തുയർത്താൻ കോടികൾ മുടക്കും. തുടർന്നു ജീവിതകാലംമുഴുവൻ കടക്കെണിയിൽ വെന്തുനീറുകയും ചെയ്യും.

ജീവിതവിജയം നേടിയ വ്യക്തി ആരാണ്‌ എന്നു ലോകപ്രസിദ്ധനായ യോഗി ബറാ ഹാസ്യരൂപേണ ഉത്തരംനല്കുന്നു: തന്റെ ഭാര്യയ്ക്കു ചെലവാക്കാൻ കഴിയുന്നതിലുമധികം പണം സമ്പാദിക്കുന്നവൻ വിജയിയും അപ്രകാരമുള്ള ഒരു പുരുഷനെ ലഭിക്കുന്ന സ്ത്രീ ഭാഗ്യവതിയും!

നമ്മുടേതു ശബ്ദകോലാഹലങ്ങൾ നിറഞ്ഞ ഒരു ലോകമാണ്‌. മനുഷ്യൻ അവന്റെ ഗ്ളാമർമാത്രം തേടുമ്പോൾ ദൈവം പുറത്താക്കപ്പെടുന്നു. കഴിവും പണവും ഉല്പാദനവും മാത്രം നോക്കി മനുഷ്യനെ വിലയിരുത്തുന്ന ഇക്കാലത്തു പരസ്യപ്പലകകളും എണ്ണമറ്റ ഫ്ളക്സ്‌ ബോർഡുകളും യഥാർഥ മതത്തിൽനിന്നും ആത്മീയതയിൽനിന്നും ജനങ്ങളെ അകറ്റുകയാണ്‌. വളരെ ചെറിയ കാര്യങ്ങൾപോലും അമിത പരസ്യത്തിലൂടെ അനുചിതമായ സ്ഥാനംപിടിക്കുന്ന പ്രവണത മതമേഖലയിലും കടന്നുകൂടിയിട്ടുണ്ട്‌.

നന്മ അതിനാൽത്തന്നെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്‌. നന്മയെയും നന്മനസുകളെയും പരസ്യപ്പലകകളിലും ഫ്ളക്സ്‌ ബോർഡുകളിലും കയറ്റേണ്ടതില്ല. ഭക്തിയുടെ സുഗന്ധമില്ലാത്ത മത പ്രസംഗങ്ങളും, കലയുടെ അംശമില്ലാത്ത കലാവേദികളും, ആത്മാര്‍ത്ഥതയില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും പരസ്യത്തിന്റെ തൂണിന്മേലാണു താങ്ങിനിൽക്കുന്നത്‌.

ചുറ്റുപാടുമുള്ള സഹോദരങ്ങളോടു പരിഗണനയില്ലാതെ സമ്പത്ത്‌ ദുർവ്യയം ചെയ്യുന്ന ധനികൻ തെറ്റാണു ചെയ്യുന്നത്‌. അതുപോലെ മാർക്കറ്റിൽ ലഭിക്കുന്നതിൽ ഏറ്റവും വില കൂടിയ പാനീയം എന്നും പല പ്രാവശ്യം കുടിക്കുന്ന കൂലിപ്പണിക്കാരനും അതേ തെറ്റു ചെയ്യുന്നു.
Source: Deepika

Recommend to friends
  • gplus
  • pinterest

About the Author

Leave a comment