പുരുഷന്മാരില്‍ ഏറ്റവുമധികം കാണപ്പെടുന്ന അര്‍ബുദമാണ് ശ്വാസകോശാര്‍ബുദം. പുകവലി സാധാരണമായതോടെ ഇന്ന് സ്ത്രീകളിലും ഈ രോഗം കണ്ടുവരുന്നു. പുകവലിയാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. അതുകൊണ്ടു തന്നെ പുരുഷന്മാരിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നതും. എന്നാല്‍ സ്ത്രീകള്‍ക്കിടയില്‍ പുകവലി സാധാരണമല്ലാത്ത നമ്മുടെ നാട്ടില്‍പ്പോലും അടുത്ത കാലത്തായി ഇവര്‍ക്കിടയില്‍ ശ്വാസകോശാര്‍ബുദം കൂടുതലായി കണ്ടുവരുന്നു. ഇതിനു കാരണം ഇക്കൂട്ടരുടെ ജീവിത പങ്കാളികളുടെ പുകവലിയാണത്രെ.

മറ്റുള്ളവര്‍ പുകവലിക്കുമ്പോള്‍ പുറംതള്ളുന്ന പുക അന്തരീക്ഷത്തില്‍ കലര്‍ന്ന് ഇങ്ങനെ പുകവലിക്കാത്തവര്‍ക്ക് രോഗകാരണമാവുന്നതിനെ പാസ്സീവ് സ്‌മോക്കിങ് എന്നു പറയുന്നു. പാസ്സീവ് സ്‌മോക്കിങ് കൂടാതെ പാചകം ചെയ്യുമ്പോഴുണ്ടാകുന്ന പുക, അന്തരീക്ഷ മലിനീകരണം, പുകയും പൊടിയും മറ്റു രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുന്ന ജോലി(ഉദാ: ആസ്ബസ്‌റ്റോസ്, ക്രോമിയം, യുറേനിയം ഫാക്ടറികളിലെയും ഖനികളിലെയും തൊഴിലാളികള്‍ മുതലായവര്‍) എന്നിവയും ഈ രോഗത്തിന്റെ സാധ്യത കൂട്ടുന്നു. നന്നായി പുകവലിക്കുന്നവരില്‍ ഈ രോഗം വരാനുള്ള സാധ്യത പുകവലിക്കാത്തവരേക്കാള്‍ 20 ഇരട്ടിയാണ്. പുകവലി നിര്‍ത്തിയാലും 10 മുതല്‍ 15 വര്‍ഷം കൊണ്ടു മാത്രമേ രോഗസാധ്യത കുറയുന്നുള്ളൂ. പുകവലിക്കാരുടെ ജീവിതപങ്കാളികള്‍ക്കും ശ്വാസകോശാര്‍ബുദം ഉണ്ടാവാനുള്ള സാധ്യത അഞ്ച് ഇരട്ടിയാണ്.

രോഗലക്ഷണങ്ങള്‍

പലപ്പോഴും രോഗലക്ഷണങ്ങളുടെ അഭാവം മൂലം ഈ രോഗം ആരംഭദശയില്‍ കണ്ടുപിടിക്കപ്പെടാതെ പോകുന്നു. ചുമയാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണം. പക്ഷേ പുകവലിക്കുന്നവരില്‍ ചുമ സര്‍വസാധാരണമായതിനാല്‍ പല രോഗികളും ഇതു കാര്യമാക്കാറില്ല. കഫമില്ലാത്ത ചുമയാണു സാധാരണമെങ്കിലും ചിലപ്പോള്‍ കട്ടികുറഞ്ഞ പത പോലത്തെ കഫം ധാരാളമായി കാണപ്പെടുന്നു. പലപ്പോഴും ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും ഈ രോഗത്തിന്റെ ലക്ഷണമാവാം. കലശലായ ശ്വാസ തടസ്സം, മുഖത്തും മാറത്തും നീര്, ശബ്ദത്തിനു വ്യതിയാനം(ഒച്ചയടപ്പ്), ഭക്ഷണം വിഴുങ്ങാന്‍ തടസ്സം, വിശപ്പില്ലായ്മ, ശരീരം ശോഷിക്കുക മുതലായവ രോഗം കടുത്താലുള്ള ലക്ഷണങ്ങളാണ്.
അര്‍ബുദം വാരിയെല്ലുകളെയും മറ്റും ആക്രമിച്ചു തുടങ്ങുമ്പോള്‍ കടുത്ത നെഞ്ചുവേദനയുണ്ടാകാം. കരള്‍, മസ്തിഷ്‌കം, അസ്ഥികള്‍ എന്നിവിടങ്ങളിലേക്കും ഈ രോഗം പടര്‍ന്നുപിടിക്കാം. നെഞ്ചിനകത്ത് വളരെയധികം നീരു നിറഞ്ഞ് കടുത്ത ശ്വാസംമുട്ടലും ഇതുമൂലമുണ്ടാകാം.

രോഗനിര്‍ണയം

നെഞ്ചിന്റെ എക്‌സ്‌റേ എടുക്കുകയാണ് രോഗനിര്‍ണയത്തിന് ഏറ്റവും ലളിതമായ മാര്‍ഗം. കുഴല്‍ കടത്തി ശ്വാസനാളത്തിന്റെ ഉള്‍വശം നേരിട്ട് പരിശോധിക്കുന്ന ബ്രോങ്കോസ്‌കോപ്പി എന്ന പരിശോധനയും വളരെ ഫലപ്രദമാണ്. കൂടാതെ കഫം, രക്തം എന്നിവയുടെ പരിശോധനയും സി.ടി. സ്‌കാനിങും വേണ്ടിവന്നേക്കാം. ആരംഭദശയില്‍, ശ്വാസകോശാര്‍ബുദം മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നതിനു മുമ്പ് കണ്ടെത്തിയാല്‍ ചിലപ്പോള്‍ ശസ്ത്രക്രിയ വഴി പൂര്‍ണമായി നീക്കംചെയ്യാന്‍ കഴിഞ്ഞേക്കും. എന്നാല്‍ മിക്കവാറും രോഗം കണ്ടുപിടിക്കുമ്പോഴേക്കും ഇതു ചികിത്സിച്ചു ഭേദപ്പെടുത്താന്‍ കഴിയാത്തവിധം വളര്‍ന്നു കഴിഞ്ഞിരിക്കും. മരുന്നുകളുപയോഗിച്ചുള്ള കീമോ തെറാപ്പിയും റേഡിയേഷന്‍ ചികിത്സയും കൊണ്ട് അര്‍ബുദത്തിന്റെ വളര്‍ച്ച തടയാമെങ്കിലും ഈ രോഗം സാധാരണഗതിയില്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാറില്ല. രോഗം കണ്ടെത്തി ഒരു വര്‍ഷത്തിനകം പകുതിയിലേറെപ്പേരും മരണമടയാറുണ്ട്.

രോഗപ്രതിരോധം

ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത സ്ഥിതിക്ക് രോഗം വരാതെ നോക്കുന്നതിന്റെ പ്രാധാന്യമേറുന്നു. പുകവലി ഒഴിവാക്കുക എന്നതാണ് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗം. നാം സ്വയം പുകവലിക്കാതിരുന്നാല്‍ മാത്രം പോരാ. വീട്ടിലും ജോലിസ്ഥലത്തുമുള്ള പുകവലിക്കാരെ അതില്‍നിന്നു പിന്തിരിപ്പിക്കാനും ശ്രമിക്കണം. കഴിവതും പുകവലിക്കാരുമായി ഇടപഴകുന്നതു കുറയ്ക്കണം. ചെറിയൊരളവു വരെ പാരമ്പര്യമായും ശ്വാസകോശാര്‍ബുദം വരാന്‍ സാധ്യതയുള്ളതിനാല്‍ അങ്ങനെയുള്ളവര്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

എല്ലാ പുകവലിക്കാരും ഇടയ്ക്കിടെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയരാവുകയും വര്‍ഷത്തിലൊരിക്കലെങ്കിലും നെഞ്ചിന്റെ എക്‌സ്‌റേ പരിശോധന നടത്തുകയും ചെയ്താല്‍ ഈ രോഗം ആരംഭദശയില്‍ കണ്ടുപിടിക്കാനും രോഗം നിര്‍മാര്‍ജനം ചെയ്യാനുമുള്ള സാധ്യത കൂടുന്നു. പോഷകപ്രധാനമായ ആഹാരം- പ്രത്യേകിച്ചും പച്ചക്കറികള്‍, പഴങ്ങള്‍ മുതലായവ ധാരാളം കഴിക്കുന്നത് ശ്വാസകോശാര്‍ബുദ െത്ത തടയാന്‍ ഒരു പരിധിവരെ സഹായിക്കുന്നു

Recommend to friends
  • gplus
  • pinterest

About the Author

Leave a comment