ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. (ഇംഗ്ലീഷിൽ: Kerala). വടക്കൻ അക്ഷാംശം 8° 17′ 30″ നും 12° 47’40” ഇടക്കായും കിഴക്കൻ രേഖാംശം 74° 27’47” നും 77° 37’12” നും ഇടക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്ക് തമിഴ്‌നാട്, വടക്ക്‌ കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന (നാഗർ കോവിൽ, കന്യാകുമാരി താലൂക്കുകൾ ഒഴികെയുള്ള) തിരുവിതാംകൂർ, കൊച്ചി, മലബാർ, ദക്ഷിണ കർണ്ണാടകത്തിലെ കാസർഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങൾ ചേർത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്.

വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവയാണ്‌ മറ്റു പ്രധാന നഗരങ്ങൾ. കളരിപ്പയറ്റ്, കഥകളി, ആയുർവേദം, തെയ്യം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.

വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ്‌. 2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്‌. കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു.

Recommend to friends
  • gplus
  • pinterest

About the Author

Leave a comment