അടിമകള്‍ക്ക് അല്ലാഹുവിനോടുള്ള കടപ്പാട്

“ജനങ്ങളെ, നിങ്ങളേയും നിങ്ങളുടെ മുന്‍‌ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍, നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്” (അല്‍ബഖറ-21)

അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചത് വ്യക്തമായ ചിലകാരണങ്ങളുടെ അടിസ്ഥാനത്തിലും നിര്‍ണ്ണിതമായ ചില ലക്ഷ്യങ്ങളോടെയുമാണ്. വിശുദ്ധ ഖുര്‍‌ആനിലൂടെ അല്ലാഹു അവ വിവരിക്കുകയും ചെയ്യുന്നു. ഇതര സൃഷ്ടികളി നിന്ന് ശ്രേഷ്‌ഠരാക്കി മനുഷ്യനെ സൃഷ്ടിച്ച അല്ലാഹു അവര്‍ തന്നോട് ചെയ്തു തീര്‍ക്കേണ്ട ചില കടമകളെയും മര്യാദകളേയും കുറിച്ച് ഉണര്‍ത്തുന്നുമുണ്ട്. അഥവാ അടിമകള്‍ക്ക് അല്ലാഹുവിനോട് ചില ബാധ്യതകളുണ്ട്. ഈ ബാധ്യതകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനമായത് അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കലും ആരാധനകള്‍ അവന് മാത്രമായി നിക്ഷിപ്‌തമാക്കുകയും ചെയ്യുക എന്നതാണ്. അല്ലാഹു പ്രവാചകന്‍മാരെയെല്ലാം നിയോഗിച്ചത് ഈയൊരു ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടിയാണ്. ആദം(അ) മുതല്‍ മുഹമ്മദ് നബി(സ) വരെയുള്ള പ്രവാചകന്‍‌മാരുടെ പ്രബോധനത്തിന്റെ മര്‍മ്മവും ഇക്കാര്യം തന്നെ. ഖുര്‍‌ആന്‍ സൂചിപ്പികുന്നു; “ഞാനല്ലാതെ യാതൊരു ദൈവവുമില്ല, അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കു എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനേയും നാം അയച്ചിട്ടില്ല” (അന്‍ബിയാഅ്‌-25).

അല്ലാഹുവിന്റെ സൃഷ്ടികള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ് തൗഹീദിന്റെ ഉദ്ദേശം. അല്ലാഹു പറയുന്നു: “ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല”(സാറിയാത്-56) അല്ലാഹുവിനോട് അടിമകള്‍ക്കുള്ള ഈ അവകാശം ഒരു സുദീര്‍ഘമായ ഹദീസിലൂടെ നബി(സ)യും പഠിപ്പിക്കുന്നു. ഒരിക്കല്‍ നബി(സ)യോടൊപ്പം യാത്ര ചെയ്യുകയയിരുന്ന മുആദ്ബിന്‍ ജബലി(റ)നോട് നബി(സ) ചോദിച്ചു: “മുആദ്, അടിമകള്‍ക്ക് അല്ലാഹുവിനോടുള്ള ബാധ്യതയെന്താണെന്നറിയുമോ…?”. മുആദ്(റ) പറഞ്ഞു: “അല്ലാഹുവിനും അവന്റെ റസൂലിനുമറിയാം..”. നബി(സ) പറഞ്ഞു:”അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനില്‍ യാതൊന്നും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യുക എന്നതാണ് അല്ലാഹുവിനോട് അടിമള്‍ക്കുള്ള ബാധ്യത. ഇനി അവര്‍‌ , അപ്രകാരം ചെയ്താല്‍ അല്ലാഹുവിന് തിരിച്ച് അവരോടുള കടമയെന്താണെന്നറിയുമോ?”. മുആദ്(റ) പറഞ്ഞു:”അല്ലാഹുവിനും അവന്റെ റസൂലിനും അറിയാം”. നബി(സ) തുടര്‍ന്നു:”അവര്‍ അപ്രകാരം ചെയ്താല്‍ അവരെ ശിക്ഷിക്കാതിരിക്കുക എന്നതാണ് അല്ലാഹുവിന് അവരോടുള്ള ബാധ്യത” (ബുഖാരി മുസ്‌ലിം).

അല്ലാഹുവിന് ആരാധനകളര്‍പ്പിക്കുമ്പോള്‍ അവനോട് പൂര്‍ണ്ണമായും ആത്മാര്‍ത്ഥത കാണിക്കലും അടിമകളുടെ ബാധ്യതയാണ്. ഖുര്‍‌ആന്‍ ഇക്കാര്യം പ്രത്യേകം ഉണര്‍ത്തുന്നു: “കീഴ്വണക്കം അല്ലാഹുവിന് മാത്രം ആക്കിക്കൊണ്ട് ഋജുമനസ്കരായി അവനെ ആരാധിക്കുവാനും നന്മസ്കാരം നിലനിര്‍ത്താനും സകാത്ത് നല്‍കുവാനുമല്ലാതെ അവരോട് കല്‍‌പിക്കപ്പെട്ടിട്ടില്ല”(ബയ്യിന-5)

അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുകയും അവനെ സ്തുതിക്കുകയും ചെയ്യുക എന്നതാണ് അടിമകള്‍ക്ക് അല്ലാഹുവിനോടുള്ള മറ്റൊരു കടമ. എണ്ണമറ്റ അനുഗ്രഹങ്ങളാണ് മനുഷ്യന്ന് അല്ലാഹുവില്‍ നിന്നു ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിനെല്ലാം അവര്‍ അവനോട് നന്ദി കാണിക്കേണ്ടിയിരിക്കുന്നു. അല്ലാഹു പരയുന്നു: “സത്യവിശ്വാസികളെ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചുകൊള്ളുക, അല്ലാഹുവോട് നിങ്ങള്‍ നന്ദി കാണിക്കുകയും ചെയ്യുക, അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍” (അല്‍ബഖറ-172)

ഒരു അടിമ താന്‍ കഴിക്കുന്ന ഓരോ ഭക്ഷണത്തിന്റെയും കുടിക്കുന്ന പാനീയത്തിന്റെയും പേരില്‍ അല്ലാഹുവിന് സ്തുതികളര്‍പ്പിച്ചാല്‍ അല്ലാഹു അവനെക്കുറിച്ച് തൃപ്‌തിയുള്ളവനാക്കുമെന്ന് നബി(സ) പഠിപ്പിച്ചിരിക്കുന്നു.

അല്ലാഹുവിനോട് വിനയപൂര്‍‌വ്വം പ്രാര്‍ത്ഥിക്കുകയും അവന് കീര്‍ത്തനങ്ങളര്‍പ്പിക്കുകയും അവനെ സ്മരിക്കുകയും ചെയുക എന്നതും അടിമകള്‍ അവനോട് ചെയ്തു തീര്‍ക്കേണ്ട ബാധ്യതകളില്‍ പ്രത്യേകം എണ്ണപ്പെടേണ്ടതാണ്. അല്ലാഹു ഇക്കാര്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഇപ്രകാരമാണ്: “നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കോണ്ട് നരകത്തില്‍ പ്രവേശിക്കുന്നുതാണ്, തീര്‍ച്ച” (ഗാഫിര്‍-60). “സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍”(അഹ്സാബ്41-42) അല്ലാഹുവിന് അര്‍പ്പിക്കുന്ന ആരാധനകളില്‍ ഏറെ പ്രധാനപ്പെട്ടതാണ് പ്രര്‍ത്ഥന. നബി(സ) പറഞ്ഞു:”പ്രാര്‍ത്ഥന, അത് തന്നെയാണ് ആരാധന”(അബൂദാവുദ്).

അല്ലാഹുവിനോട് നാം ചെയ്തുതീര്‍ക്കേണ്ട ഇത്തരം ബാധ്യതകള്‍ നിറവേറ്റുമ്പോള്‍ അതിന്റെ സ്വാധീനം നമ്മുടെ ജീവിതത്തിന്റെ നിഖില മേഖലകളിലും പ്രതിഫലിക്കണം. ഒരാള്‍ തന്റെ ഭാര്യയോടും മക്കളോടുമുള്ള പെരുമാറ്റത്തിലും മക്കള്‍ മാതാപിതാക്കളോടുള്ള ഇടപെടലുകളിലും അയല്‍‌വാസിക‌ള്‍ പരസ്പരമുള്ള സഹാവാസത്തിലും വ്യക്തികള്‍ സമൂഹത്തില്‍ നടത്തുന്ന പെരുമാറ്റങ്ങളിലുംമെല്ലാം ഇത് പ്രകടമാകണം. ഖുര്‍‌ആന്‍ പറയുന്നു:”നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്ക് ചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ പ്രവര്‍‌ത്തിക്കുകയും ചെയുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ല നിലയില്‍ പ്രവര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുര്‍ഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല”(നിസാഅ്‌)

അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

Recommend to friends
  • gplus
  • pinterest

About the Author

Leave a comment