അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല

“ഞാനിതാ ഭൂമിയില്‍ ഒരു ‘ഖലീഫയെ’ നിയോഗിക്കാന്‍ പോകുന്നുവെന്ന് താങ്കളുടെ നാഥന്‍ മലക്കുകളോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: “അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങളാകട്ടെ നിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും നിന്റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരാണല്ലോ.” അവന്‍ പറഞ്ഞു: “നിങ്ങള്‍ക്കറിയാത്തത് എനിക്കറിയാം.” (ബഖറ-30)

ഭൂമിയെ മനുഷ്യനുള്ള വാസസ്ഥലമാക്കിയിരിക്കുകയാണ് അല്ലാഹു. നിറമേതെന്നോ ഭാഷയേതെന്നോ വര്‍ഗമേതെന്നോ വ്യത്യാസം കല്‍പ്പിക്കാതെ എല്ലാ ജനങ്ങള്‍ക്കും വസിക്കാനുള്ള ഇടമാക്കിയിരിക്കുകയാണവന്‍ ഭൂമിയെ. അവര്‍ക്ക് ജീവിക്കാനാവശ്യമുള്ളതെല്ലാം അല്ലാഹു നല്‍കി ഭൂമിയിലെ വിഭവങ്ങള്‍ സൗകര്യപ്പെടുത്തിക്കൊടുത്തു. പ്രകൃതിശക്തികളെ അവര്‍ക്ക് കീഴ്പ്പെടുത്തിക്കൊടുത്തു. അവ ഉപയോഗപ്പെടുത്തി അവര്‍ ആവിഷ്കരിച്ച കണ്ടുപിടിത്തങ്ങളിലൂടെ നാഗരികതയുടെ തേരോട്ടങ്ങള്‍ നടത്തി. അല്ലാഹു പറഞ്ഞു: “ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.” (ജാസിയ:13) ഈ കീഴ്പ്പെടുത്തിത്തരലും ഈ അനുഗ്രഹ വര്‍ഷവും ഒരാ‌ള്‍ക്ക് മറ്റൊരാളെ വകവരുത്താനുള്ള അനുമതിപത്രമല്ല. ഒരാള്‍ക്ക് മറ്റൊരാളെ കൊള്ളയടിക്കാനും പരസ്പരം അതിക്രമങ്ങള്‍ നടത്താനുമുള്ള അനുവാദവുമല്ല. സഹജീവനത്തിന്റെ അടിസ്ഥാന ഘടകമായ ആദാനപ്രദാനങ്ങളിലൂടെ പുരോഗതി നേടാനാണിവയെല്ലാം അല്ലാഹു ഒരുക്കിത്തന്നിരിക്കുന്നത്.

മനുഷ്യര്‍ക്കിടയിലെ ഇടപാടുകള്‍ക്കും ഇടപെടലുകള്‍ക്കുമെല്ലാം അല്ലാഹു ചില മാതൃകകള്‍ വരച്ചു തന്നിട്ടുണ്ട്‌. അവ മനസ്സിലാക്കുകയും അതുകൊണ്ടുള്ള ഗുണം കണ്ടെത്തുകയും വേണം. അവയായിരിക്കണം നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാന രേഖ. അതിക്രമങ്ങളും കയ്യേറ്റങ്ങളും അരുത്. കാരണം അതിക്രമം അല്ലാഹു തനിക്കുതന്നെ വിലക്കിയിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ അല്ലാഹുവിന്റെ ശിക്ഷ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങേണ്ടിവരിക തന്റെ സഹോദരനായ മനുഷ്യനു നേരെ അതിക്രമങ്ങള്‍ നടത്തിയ ആളായിരിക്കും. അവന്‍ പവിത്രമാക്കിയതിനെ അതിക്രമിച്ചു കളങ്കപ്പെടുത്തിയവനായിരിക്കും. തക്കതായ കാരണം കൂടാതെ ഒരാളും മറ്റൊരാളെ വധിച്ചു കൂടാ. മറ്റൊരാളുടെ അഭിമാനത്തെ പരസ്യമായി ചീന്തിയെറിഞ്ഞുകൂടാ. മറ്റൊരു കൂട്ടരുടെ നാഗരിക സാക്ഷ്യങ്ങളെ തകര്‍ത്തെറിഞ്ഞുകൂടാ. ഖുര്‍‌ആന്‍ വിവരിക്കുന്നതു നോക്കൂ, “അക്കാരണത്താല്‍ ഇസ്രാഈല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധി നല്‍കുകയുണ്ടായി. മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് സമമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു.” (മാഇദ-32)

നീതിനിഷ്‌ഠയും സുഗ്രാഹ്യവുമായ തുലാസ്സുകള്‍ സ്ഥാപിക്കപ്പെടുകയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി തൂക്കിത്തിട്ടപ്പെടുത്തുകയും ഇടതുകൈയിലോ വലതുകൈയിലോ ആയി മനുഷ്യരോരുത്തരും തങ്ങളുടെ പുസ്തകം കൈപറ്റുകയും ചെയ്യുന്ന മഹാദിവസത്തില്‍ കൊലയാളി എങ്ങോട്ടാണ് ഓടിപ്പോവുക? എവിടെപ്പൊയൊളിക്കും? ഒരു ഖുദ്സിയായ ഹദീസിലൂടെ അല്ലാഹു പറയുന്നത് നോക്കൂ, “എന്റെ ദാസന്മാരെ…അതിക്രമം എനിക്കു തന്നെ ഞാന്‍ നിഷിദ്ധമാക്കിയിരിക്കുന്നു. അത് ഞാന്‍ നിങ്ങള്‍ക്കും നിഷിദ്ധമാക്കിയിരിക്കുന്നു. അതുകൊണ്ട് പരസ്‌പരം അതിക്രമം നടത്തരുത്. എന്റെ ദാസന്മാരേ, നിങ്ങളോരോരുത്തരും വശികേടിലാണ്. ഞാന്‍ മാര്‍ഗ്ഗം കാണിച്ചവരൊഴികെ. അതുകൊണ്ട് നിങ്ങളെന്നോട് നേര്‍‌മാര്‍ഗ്ഗം തേടുവിന്‍; ഞാന്‍ നിങ്ങളെ നേര്‍മാര്‍ഗ്ഗത്തിലാക്കാം. നിങ്ങളോരോരുത്തരും പട്ടിണിക്കാരാണ്; ഞാന്‍ ഭക്ഷണം നല്‍കിയവരൊഴികെ. അതുകൊണ്ട് നിങ്ങള്‍ എന്നോട് ഭക്ഷണം തേടുവിന്‍; ഞാന്‍ നിങ്ങളെ ഭക്ഷിപ്പിക്കാം. എന്റെ ദാസന്മാരേ…നിങ്ങളോരോരുത്തരും നഗ്നരാണ്; ഞാന്‍ ഉടുപ്പിച്ചവരൊഴികെ. അതുകൊണ്ട് നിങ്ങളെന്നോട് വസ്ത്രങ്ങള്‍ തേടുവിന്‍; ഞാന്‍ നിങ്ങളെ ഉടുപ്പിക്കും. എന്റെ ദാസന്മാരെ…നിങ്ങള്‍ രാത്രിയിലും പകലിലും തെറ്റുകള്‍ ചെയ്യുന്നു. ഞാന്‍ എല്ലാ തെറ്റുകളും പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. എന്നോട് പാപമോചനം തേടുവിന്‍; ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തു തരും. എന്റെ ദാസന്മാരെ…നിങ്ങള്‍ക്കൊരിക്കലും എന്നെ ഉപദ്രവിക്കാനാവില്ല. നിങ്ങള്‍ക്കൊരിക്കലും എനിക്ക് ഉപകാരം ചെയ്യാനുമാവില്ല. എന്റെ ദാസന്മാരേ…നിങ്ങളില്‍ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ മനുഷ്യരും ജിന്നും നിങ്ങളിലേറ്റവും വലിയ ഭക്തന്റെ ഹൃദയത്തോടെ നിലയുറപ്പിച്ചാലും എന്റെ ഉടമസ്ഥതയിലുള്ളവയില്‍ എന്തെങ്കിലും ഒന്ന് കൂട്ടിച്ചേര്‍ക്കാനാവുകയില്ല. എന്റെ ദാസന്മാരേ…നിങ്ങളില്‍ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ ഏറ്റവും ദുഷ്ടനായ ഒരുത്തന്റെ ഹൃദയത്തോടെ നിലയുറപ്പിച്ചാലും എന്റെ ഉടമസ്ഥതയിലുള്ളവയില്‍ നിന്ന് എന്തെങ്കിലും കുറച്ചുകളയുകയുമില്ല. എന്റെ ദാസന്മാരേ… നിങ്ങളില്‍ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ മനുഷ്യരും ജിന്നും ഒരേ ഇടത്തില്‍ നിലയുറപ്പിച്ച് എന്നോട് ചോദിക്കുന്നു. ഓരോരുത്ത‌ര്‍ ചോദിച്ചതും ഞാന്‍ നല്‍കുകയും ചെയ്യുന്നു. എങ്കില്‍ പോലും എന്റെ പക്കലുള്ളത് തരിമ്പും കുറഞ്ഞു പോകുന്നില്ല. കടലില്‍ മുക്കിയ സൂചിക്കുഴകുറച്ചു കളഞ്ഞതല്ലാതെ. എന്റെ ദാസന്മാരേ…നിങ്ങളുടെ ചെയ്തികളാണ് നാം നിങ്ങള്‍ക്ക് എണ്ണിക്കണക്കാക്കുന്നത്. പിന്നീട് നാം അതിന് പ്രതിഫലം നല്‍കുകയും ചെയ്യും. ആരെങ്കിലും നന്മ കണ്ടെത്തുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിന് കീര്‍ത്തനം ചെയ്യട്ടെ. ആരെങ്കിലും അതല്ലാത്തതു കണ്ടെത്തുന്നുവെങ്കില്‍ അവന്‍ പഴിക്കേണ്ടത് അവനെത്തന്നെയാണ്.” (മുസ്‌ലിം) അന്നേരം അതിക്രമി എവിടെപ്പോകാനാണ്? അതിക്രമികള്‍ക്ക് കടുത്ത ശിക്ഷ തന്നെയാണ് അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നത്.

സഹജീവികളുടെ വിപത്തുകളില്‍ അവരില്‍ നിന്ന് മുഖം തിരിച്ചു കടന്നുപോകുന്നവനാണ് ഏറ്റവും വലിയ അക്രമി. ഒരുമിച്ചു നില്‍ക്കേണ്ട അവസരങ്ങളെ അയാള്‍ തകര്‍ത്തു കളയുന്നു. പരസ്പരമുള്ള സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കാര്യത്തില്‍ മുസ്‌ലിംകള്‍ ശരീരം പോലെയാണ്. ഏതെങ്കിലും ഒരവയവത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ശരീരത്തിലെ മറ്റു അവയവങ്ങളും വേദനയേറ്റുവാങ്ങുന്നു. പ്രയാസമേറിയ ഘട്ടങ്ങളില്‍ അല്ലാഹുവിന്റെ ഗ്രന്ഥം മുറുകെപ്പിടിക്കാന്‍ അല്ലാഹു ദാസന്മാരോട് കല്‍‌പ്പിക്കുന്നു. ഖുര്‍‌ആന്‍ പറയുന്നു: “നിങ്ങള്‍ അല്ലാഹുവിന്റെ പാശത്തെ മുറുകെപ്പിടിക്കുക. നിങ്ങള്‍ ഭിന്നിക്കുകയുമരുത്.” (ആല്‍ ഇംറാന്‍: 103)

ഈ ഐക്യമാണ് മുസ്‌ലിംകളെ തുറിച്ചു നോക്കുന്ന സകല ഭീകരതകളിലും അവര്‍ക്ക് തുണയായി നില്‍ക്കാനുള്ളത്. അവരുടെ ശത്രുക്കളില്‍ നിന്നുള്ള കവചമാണത്. തങ്ങളുടെ നാടിനും വീടിനും സം‌രക്ഷണം നല്‍കുന്ന കോട്ടയാണത്. അതിലൂടെയാണ് തങ്ങള്‍ അഭിമുഖീകരിക്കുന്ന പരീക്ഷണങ്ങളെ അവര്‍ വിജയകരമായി അതിജീവിക്കുന്നത്. ഒരു ശത്രുവിനും-എത്ര വലിയവനും കരുത്തനുമാകട്ടെ-അവരെ ഒന്നും ചെയ്യാനാവില്ല. ബലക്ഷയം അവരെ ബാധിക്കുന്നേയില്ല. ലബനാനിലും ഫലസ്തീനിലും ഇറാഖിലും നടന്നുകൊണ്ടിരിക്കുന്നത് നമ്മെ കൂടുതല്‍ ഒന്നിപ്പിക്കാനും ശക്തരാക്കാനും മാത്രമേ ഉതകൂ. നാടും നഗരവും പാടവും പുഴയും തോട്ടവും പാതയും ജീവിതം തന്നെയും തരിപ്പണമാക്കുന്ന ശത്രുവിനെതിരെ നമുക്ക് എടുത്തുപയോഗിക്കാനുള്ള ആയുധം ഇതുതന്നെ.

ഈ യുദ്ധത്തെയും അതിലുപയോഗിക്കുന്ന ആയുധങ്ങളേയും നാം വെറുക്കുന്നു. യുദ്ധത്തിന്റെ ബാഹ്യവും ആന്തരികവുമായ ദുരിതങ്ങളില്‍ നിന്ന് നമ്മുടെ ഭൂപ്രദേശങ്ങളെ തിരികെ ശാന്തിയുടെയും സ്ഥിരതയുടെയും തീരങ്ങളിലേക്കടുപ്പിക്കാന്‍ നമുക്ക് സര്‍‌വ്വശക്തനോട് പ്രാര്‍ത്ഥിക്കാം.

അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

Recommend to friends
  • gplus
  • pinterest

About the Author

Leave a comment