ആത്മ സംസ്കരണം അന്തിമ വിജയത്തിന്‌

നന്മ തിന്മകള്‍ക്കിടയില്‍ ചാഞ്ചാടുന്ന പ്രകൃതമാണ്‌ മനുഷ്യമനസ്സിന്റേത്. അല്ലഹു പറയുന്നു: മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം. എന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. (ശംസ് 7,8). സന്മാര്‍ഗ്ഗത്തില്‍ നിന്നും മാര്‍ഗ്ഗഭ്രംശത്തിലേക്ക് ചായുന്ന പ്രകൃതമാണ്‌ മനസ്സിന്റേത്. അല്ലഹു പറയുന്നു: “ഞാന്‍ എന്‍റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്‍റെ രക്ഷിതാവിന്‍റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.”(12:52). അതിനാല്‍ മനസ്സിനെ സംസ്കരിച്ചെടുക്കുന്നതിനു ഇസ്ലാം ഏറെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. അല്ലഹു പറയുന്നു: “തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.” (91:9,10).

തസ്‌കിയ എന്നതു കൊണ്ടുള്ള വിവക്ഷ അല്ലാഹുവും റസൂലും കല്പിച്ച കാര്യങ്ങളെ അ‌ംഗീകരിക്കുകയും നിഷിദ്ധമാക്കിയവയില്‍ നിന്ന് മാറിനില്‍കുകയും ചെയ്ത് മനസ്സിനെ സംശുദ്ധമാക്കുക എന്നതത്രെ. നബി(സ) പ്രസ്താവിച്ചു: “മൂന്ന് കാര്യങ്ങള്‍ ചെയ്തവന്‍ ഈമന്റെ രുചി ആസ്വദിച്ചു. അല്ലാഹുവിനെ മാത്രം ആരാധിച്ചവന്‍, കാരണം അല്ലാഹു അല്ലാതെ മ‌‌റ്റൊരാരാധ്യനില്ല തീര്‍ച്ച, ശുദ്ധമനസ്സോടെ തന്റെ ധനത്തിന്റെ സകാത്ത് നല്‍കിയവന്‍, തന്റെ മനസ്സിനെ സംസ്കരിച്ചവന്‍”. ഒരാള്‍ ചോദി‌ച്ചു, “റസൂലെ, മനസ്സ് സംസ്കരിക്കുക എന്നതുകൊണ്ടുദ്ദേശ്യമെന്താണ്‌?”. റസൂല്‍ പറഞ്ഞു: “അവന്‍ എവിടെയാണെങ്കിലും അല്ലാഹു അവനോടൊപ്പമാണെന്ന് അവന്‍ മനസ്സിലാക്കുക”.

മാനസിക സംസ്കരണം സാക്ഷാല്‍കരിക്കാനാണ്‌ അല്ലാഹു നബിമാരെ നിയോഗിച്ചത്. വി:ഖുര്‍‌ആന്‍ പറയുന്നു: “അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു.” (62:2)

രണ്ട് കാര്യങ്ങള്‍ കൊണ്ട് മാനസിക സംസ്കരണം സാധ്യമാകുന്നു. മനസ്സിനെ ബാധിക്കുന്ന രോഗങ്ങളില്‍ നിന്നും അതിനെ മലിനമാക്കുന്ന തിന്മകളില്‍ നിന്നും മനസ്സിനെ സംശുദ്ധമാക്കുകയാണതിലൊന്ന്. റസൂല്‍(സ) അരുള്‍ ചെയ്തു: “ശത്രുവിനെ അതിജയിക്കുന്നവനല്ല ശക്തന്‍, മറിച്ച് മനസ്സിനെ കീഴ്പ്പെടുത്തുന്നവനാണ്‌ ശക്തന്‍”.

അല്ലഹുവിന്റെ വിധിവിലക്കുകള്‍ മാനിച്ച് നേരെ ചൊവ്വേ ജീവിക്കുകയാണ്‌ മനഃസംസ്കരണത്തിനുള്ള രണ്ടാമത്തെ മാര്‍ഗ്ഗം. അല്ലഹു പറയുന്നു: “തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു. തന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും (ചെയ്തവന്‍)” (87:14,15). ദൈവസ്മരണക്ക് മനഃസംസ്ക‌രണത്തിലുള്ള പങ്ക് വിളിച്ചോതുന്നുണ്ടീ സൂക്തം. ഖുര്‍‌ആനും ഹദീസും ഇക്കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട്. അല്ലഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.”(33:41,42). നബി(സ) പഠിപ്പിക്കുന്നു: “അല്ലഹുവിനെ സ്മരിക്കുന്നവന്റെയും സ്മരിക്കാത്തവന്റെയും ഉദാഹരണം, ജീവിച്ചിരിക്കുന്നവനും മരിച്ചവന‌മാണ്‌.”

ഒരു ദാസനും തന്റെ രക്ഷിതാവും തമ്മിലുള്ള ബന്ധമാണ്‌ ന‌മസ്കാരം. അല്ലഹുവിന്റെ ശാസനകളംഗീകരിക്കാനും നിശിദ്ധകാര്യങ്ങള്‍ വെടിയാനും അതുവഴി മാനസിക വിശുദ്ധികൈവരിക്കാനും വിശ്വാസിക്ക് സാധിക്കുന്നു.

സ്വര്‍ഗ്ഗത്തില്‍ തന്റെ സഹവാസമഭ്യര്‍ത്ഥിച്ച അനുചരനോട്‌ റസൂല്‍ (സ) പറഞ്ഞു, അതിനായി സുജൂദ് വര്‍ദ്ധിപ്പിച്ച് താങ്കളെന്നെ സഹായിക്കുക എന്നായിരുന്നു. ദൈവമാര്‍ഗ്ഗത്തില്‍ ധനം വ്യയം ചെയ്യുന്നതും, പണ്ഡിതര്‍, സജ്ജനങ്ങള്‍ എന്നിവരുമായി സഹവസിക്കുന്നതും സംസ്‌ക‌രണത്തിനു സഹായകമാകുന്നത‌ത്രെ.

അല്ലഹു പറയുന്നു: “അവരെ ശുദ്ധീകരിക്കുകയും , അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും, അവര്‍ക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ പ്രാര്‍ത്ഥന അവര്‍ക്ക് ശാന്തി നല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.” (9:103)
“ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്‌. പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന (വ്യക്തി)” (92:17,18)
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക.(9:119). ‌എന്നീ വചനങ്ങള്‍ പഠിപ്പിക്കുന്നത് അതാണ്‌.

ഒരു മുഅ്‌മിന്‍ സ്വയം വിചിന്തനത്തിലൂടെ തന്റെ വീഴ്ചകള്‍ കണ്ടെത്തിയും, തന്റെ വീഴ്ചകളില്‍ മാര്‍ഗദര്‍ശനം നല്‍കുന്ന സച്ചരിതരായ സുഹൃത്തുക്കളുമയുള്ള സഹവാസത്തിലൂടെയും ആത്മ വിശുദ്ധിയുടെ പടവുകള്‍ കയറാനാവും. ഇതിലെല്ലാമുപരിയായി തന്റെ ആത്മ വിശുദ്ധിയുടെ കാത്തു സൂക്ഷിപ്പിനായി പ്രവാചകന്‍(സ) ജീവിതത്തിലുടനീളം അനുവര്‍ത്തിച്ചു കാണിച്ച പ്രാര്‍ത്ഥന അവന്‍ ശീലമാക്കുകയും വേണം. എന്റെ ആത്മാവിന്റെ സം‌രക്ഷകനും, ഉടമസ്ഥനുമായ അല്ലാഹുവേ എന്റെ ആത്മാവിനു നീ വിശുദ്ധി നല്‍കേണമെന്നായിരുന്നു പ്രാര്‍ത്ഥന.

പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: “മൂന്ന് കാര്യങ്ങള്‍ ആരിലെങ്കിലും ഇടം നേടിയാല്‍ അവന്‍ ഈമാനിന്റെ മധുരം നുണഞ്ഞവനായി. ഒന്ന്: അല്ലാഹുവും അവന്റെ പ്രവാചകനും മറ്റെല്ലാറ്റിലുമുപരി അവന്‌ പ്രിയപ്പെട്ടതാവുക. രണ്ട്, അല്ലാഹുവിന്റെ തൃപ്തി ലക്ഷ്യമാക്കി മറ്റൊരുത്തനെ സ്നേഹിക്കുക. മൂന്ന്, വിശ്വാസത്തിന്റെ വെളിച്ചമുള്‍ക്കൊണ്ട ശേഷം അവിശ്വാസത്തിലേക്ക് തിരിച്ച് പോകുന്നതിനെ ജീവനോടെ തീയിലേക്കെറിയപ്പെടുന്നതിനു തുല്യമായി വെ‌റുക്കുക.

Recommend to friends
  • gplus
  • pinterest

About the Author

Leave a comment