കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യകാര്യത്തില്‍ മലയാളി ഇപ്പോഴും വലിയ ശ്രദ്ധ കൊടുക്കാറില്ല. കേരളത്തില്‍ കരള്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവമായ കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാല്‍ ജീവിതത്തിന് പൂര്‍ണവിരാമാവും. അമിത മദ്യപാനം, വര്‍ദ്ധിച്ചുവരുന്ന ജീവിത ശൈലി രോഗങ്ങള്‍, മലിനമായ അന്തരീക്ഷവും വൃത്തിഹീനമായ ജീവിത ചുറ്റുപാടുകളുമാണ് കരള്‍ രോഗത്തിന്റെ പ്രധാന കാരണങ്ങള്‍.

കരള്‍ രോഗം ബാധിച്ച് കരളിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നശിക്കുകയും അതോടൊപ്പം മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ഡോക്ടര്‍മാര്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുന്നത്. അസുഖം ബാധിച്ച കരളിന്റെ സ്ഥാനത്ത് മറ്റൊരാളുടെ കരള്‍ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ. കരള്‍ വീക്കം, ചില മരുന്നുകളുടെ ദൂഷ്യഫലങ്ങള്‍, ദീര്‍ഘനാളായി ഉള്ള ഹെപ്പെറ്റൈറ്റീസ് അണുബാധ, ജനിതക രോഗങ്ങള്‍, പിത്തനാളികളില്‍ ഉണ്ടാകുന്ന തകരാറുകള്‍ എന്നിവയാണ് കരളിന്റെ പൂര്‍ണ്ണമായ നാശത്തിനു കാരണം. കരളിന്റെ പൂര്‍ണ്ണമായ നാശം സംഭവിച്ചു കഴിഞ്ഞാല്‍ തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്തുക തീര്‍ത്തും അസാധ്യമാണ്.

കരളിന്റെ ലഭ്യത അനുസരിച്ച് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ രണ്ടായി തരം തിരിക്കാം. ജീവിച്ചിരിക്കുന്ന ആളില്‍ നിന്നു കരള്‍ സ്വീകരിക്കുന്നതിനെ ലൈവ് ട്രാന്‍സ്പ്ളാന്റ് എന്നും, മസ്തിഷ്ക മരണം സംഭവിച്ച ആളില്‍ നിന്നു അവയവം സ്വീകരിക്കുന്നതിനെ കടാവര്‍ ട്രാന്‍സ്പ്ളാന്റ് എന്നും പറയുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യേണ്ട രോഗി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാരിന്റെ അവയവദാന പദ്ധതി ആയ മൃതസഞ്ജീവനിയില്‍ പേര് റജിസ്റ്റര്‍ ചെയ്യണം.

അതിസങ്കീര്‍‍ണമായ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചതായി കണക്കാക്കണമെങ്കില്‍ രണ്ടു കടമ്പകള്‍ കൂടി രോഗി കടക്കണം. സ്വീകരിക്കപ്പട്ട അവയവത്തെ ശരീരം പുറന്തള്ളാനുള്ള സാധ്യത മരുന്നുകളുടെ സഹായത്തോടെ കുറയ്ക്കേണ്ടതാണ് ഒന്നാമത്തെ കടമ്പ. ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യ ദിനങ്ങളില്‍ മറ്റ് അണുബാധകള്‍ ശരീരത്തില്‍ കടന്നുവരാതെയും ശ്രദ്ധിക്കേണ്ടതാണ് രണ്ടാമത്തെ കടമ്പ. പ്രത്യേകം ക്രമീകരിക്കപ്പെട്ട ഐസിയുവില്‍ രോഗിയെ പാര്‍പ്പിച്ചാണ് അണുബാധയുടെ സാധ്യതകള്‍ ഒഴിവാക്കുന്നത്. ആരോഗ്യം വീണ്ടെടുത്ത ശേഷം ആശുപത്രി വിട്ടാലും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ജീവിതരീതിയും സമയാസമയമുള്ള പരിശോധനകളും വീഴ്ച കൂടാതെ പാലിച്ചാല്‍ ആയുസിന്റെ ദൈര്‍ഘ്യം കൂട്ടാം.

കരളിനെ അടുത്തറിയാം

∙ ശരീരത്തിന്റെ ഏറ്റവും വലിയ ഗ്രന്ഥിയാണ് 1500 ഗ്രാം ഭാരമുള്ള കരള്‍.

∙ വളരെയേറെ പ്രവര്‍ത്തനശേഷിയുള്ള കരളിന്റെ എണ്‍പതുശതമാനം പ്രവര്‍‌ത്തനരഹിതമായാലും കരളിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനാകും.

∙ പെട്ടെന്നു വളരുന്ന കരളിന്റെ മുക്കാല്‍ ഭാഗം നീക്കംചെയ്താലും ആറു മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ പൂര്‍വസ്ഥിതി പ്രാപിക്കും.

∙ അനവധി ശാരീരിക ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന കരളിനെ ശരീരത്തിലെ കെമിക്കല്‍ ഫാക്ടറി എന്നാണ് വിളിക്കുന്നത്.

∙ കൊഴുപ്പിന്റെ ദഹനാഗിരണത്തെ സഹായിക്കുന്ന പിത്തനീര് (ബൈല്‍) കരളാണ് ഉല്‍പാദിപ്പിക്കുന്നത്.

∙ ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുക (ഗ്ലൈക്കോജനിസിസ് ) ഗ്ലൈക്കോജനില്‍ നിന്ന് ഗ്ലൂക്കോസിനെ ഉല്‍പാദിപ്പിക്കുക (ഗ്ലൈാജിനോലൈസിസ്) അന്നജേതര പദാര്‍ഥങ്ങളില്‍ നിന്ന് ഗ്ലൂക്കോസിനെ ഉല്‍പാദിപ്പിക്കുക. (ഗ്ലൈക്കോജിനൊലൈസിസ് ) തുടങ്ങി കാർബോ ഹൈഡ്രേററ്റിന്റെ സുപ്രധാന ഉപാപചയ പ്രവര്‍ത്തനങ്ങളെ കരളാണ് നിയന്ത്രിക്കുന്നത്.

∙ കൊഴുപ്പിന്റെ ദഹനം കൊളസ്ട്രോളിന്റെ ഉല്‍പാദനം, ആല്‍ബുമിന്റെ ഉല്‍പാദനം, ഒട്ടേറെ മരുന്നുകളുടെ വിഘടനം തുടങ്ങിയവും കരളിന്റെ ധര്‍മ്മങ്ങളില്‍ പെടുന്നു. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളായ ഫ്രൈബ്രിനോജര്‍, ഫാക്ടര്‍ V,VII IX, X എന്നിവയുടെ ഉല്‍പാദനവും കരളില്‍ വച്ചാണു നടക്കുന്നത്.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. ബി. വേണുഗോപാല്‍

സീനിയര്‍ കണ്‍സള്‍‍ട്ടന്റ് & ചീഫ് ഓഫ് ലിവര്‍ ട്രാന്‍സ്പ്ളാന്റ് സര്‍‍ജറി

കിംസ് ഹോസ്പ്പിറ്റല്‍, തിരുവനന്തപുരം

Recommend to friends
  • gplus
  • pinterest

About the Author

Leave a comment