കേരളം

ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. (ഇംഗ്ലീഷില്‍: ക്കെരല). വടക്കന്‍ അക്ഷാംശം 8° 17′ 30″ നും 12° 47’40” ഇടക്കായും കിഴക്കന്‍ രേഖാംശം 74° 27’47” നും 77° 37’12” നും ഇടക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്ക് തമിഴ്‌നാട്, വടക്ക്‌ കര്‍ണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ 11 മുതല്‍ 121 കിലോ മീറ്റര്‍ വരെ വീതിയുള്ള കേരളത്തിന്റെ അതിര്‍ത്തികള്‍. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങള്‍ താമസിക്കുന്ന (നാഗര്‍ കോവില്‍, കന്യാകുമാരി താലൂക്കുകള്‍ ഒഴികെയുള്ള) തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ദക്ഷിണ കര്‍ണ്ണാടകത്തിലെ കാസര്‍ഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങള്‍ ചേര്‍ത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപവത്കരിച്ചത്.

വൈവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് എന്നിവയാണ്‌ മറ്റു പ്രധാന നഗരങ്ങള്‍. കളരിപ്പയറ്റ്, കഥകളി, ആയുര്‍വേദം, തെയ്യം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന ഘടകമാണ്.

വിവിധ സാമൂഹിക മേഖലകളില്‍ കൈവരിച്ച ചില നേട്ടങ്ങള്‍ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്കാണ്‌. 2005-ല്‍ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്‌. കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു.

 

കേരള സംസ്‌ഥാനം നിലവില്‍ വന്ന തീയതി : 1956 നവംബര്‍ 1
തലസ്‌ഥാനം : തിരുവനന്തപുരം
വിസ്‌തീര്‍ണ്ണം : 38,863 ച.കി.മീ.
അതിര്‍‌ത്തികള്‍ :
പടിഞ്ഞാറ് : അറബിക്കടല്‍
വടക്കുകിഴക്ക് : കര്‍‌ണാടകം
കിഴക്കുതെക്ക് : തമിഴ്നാട്
ഔദ്യോഗിക പുഷ്‌പം : കണിക്കൊന്ന
ഔദ്യോഗിക വൃക്ഷം : തെങ്ങ്
ഔദ്യോഗിക ഫലം : ചക്ക
ഔദ്യോഗിക പക്ഷി : വേഴാമ്പല്‍
ഔദ്യോഗിക മൃഗം : ആന
ഔദ്യോഗിക മത്സ്യം : കരിമീൻ
ജനസംഖ്യ (2011) : 3,33,87,677
പുരുഷന്‍ (2011) : 1,60,21,290
സ്ത്രീ (2011) : 1,73,66,387
ജനസാന്ദ്രത : 859/sq.km
സ്ത്രീ പുരുഷ അനുപാതം (1000 പുരുഷന്മാര്‍ക്ക്) : 1,084 സ്ത്രീകള്‍
സാക്ഷരത : 93.91%
ഭാഷ(കൾ) : മലയാളം

 

കേരളം എന്ന പേരിന്റെ ഉത്ഭവത്തെപ്പറ്റി വിഭിന്ന അഭിപ്രായങ്ങള്‍ ഉണ്ട്.

– കേരവൃക്ഷങ്ങള്‍ നിറഞ്ഞ സ്ഥലം എന്ന അര്‍ത്ഥത്തില്‍ കേരളം എന്ന പേര് ഉണ്ടായി എന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം.കേരം എന്ന പദവും സ്ഥലം എന്നര്‍ഥം വരുന്ന അളം എന്ന പദവും ചേര്‍ന്നാണ് കേരളം എന്ന പേര് ഉണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു.

– ‘ചേരളം’ എന്ന പദത്തില്‍ നിന്ന്‌ ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം, ചേര്‍, അഥവാ ചേര്‍ന്ത എന്നതിന് ചേര്‍ന്ന എന്നാണ് അര്‍ത്ഥം. കടല്‍ മാറി കരകള്‍ കൂടിച്ചേര്‍ന്ന എന്ന അര്‍ത്ഥത്തില്‍ ആണ് ഇത് ഉത്ഭവിച്ചത് എന്നാണാ വാദഗതിക്കാര്‍ കരുതുന്നത്. സംഘകാലത്തിലെ നെയ്തല്‍ തിണൈ എന്ന ഭൂപ്രദേശത്തില്‍ വരുന്ന ഇവിടം കടല്‍ ചേരുന്ന് ഇടം എന്നര്‍ത്ഥത്തില്‍ ചേര്‍ എന്ന് വിളിച്ചിരുന്നു. ചേര്‍+അളം എന്നതിന് സമുദ്രം എന്ന അര്‍ത്ഥവുമുണ്ട്. കടലോരം എന്ന സൂചനയാണ് ചേരളം തരുന്നത്. ചേരലര്‍ കടലോരത്തിന്റെ അധിപരുമായി.

– ചേര രാജാക്കന്മാരില്‍ നിന്നുമാകാം പേര്‍ വന്നതെന്നാണ് മറ്റൊരു അഭിപ്രായം. ഇവരുടെ പേര്‍ തന്നെ ഥേര എന്ന പാലി വാക്കില്‍ നിന്നുത്ഭവിച്ചതാണ് എന്നാണ് മറ്റൊരു മതം. അതിന് ബുദ്ധമതവുമായി ബന്ധം കാണുന്നു. ഥേരന്‍ എന്ന വാക്കിന് വലിയേട്ടന്‍ എന്നാണ് വാച്യാര്‍ത്ഥം. ബുദ്ധമതത്തിലെ ഥേരവാദമതത്തില്‍പെട്ടവരായിരുന്നു ചേര രാജാക്കന്മാര്‍ എന്ന് കരുതുന്നു. ഥേര എന്ന വാക്ക് പാലിയില്‍ നിന്ന് താലവ്യവത്കരണം എന്ന സ്വനനയം പ്രകാരം ചേരന്‍ എന്നായതാണെന്നും, സ്ഥലം എന്ന അര്‍ത്ഥത്തിലുള്ള പാലി പദമായ തളം, ആദിലോപം പ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. കേരളം ഒരു കാലത്ത് ബുദ്ധമതക്കാരുടെ പ്രബലകേന്ദ്രമായിരുന്നു എന്ന വിശ്വാസം ബലപ്പെടുന്നതാണീ വാദം. ചേര എന്നതിന്റെ കന്നട ഉച്ചാരണം കേര എന്നാണ്‌. ഇതായിരിക്കാം കേരളം ആയതെന്നാണ്‌ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് വാദിക്കുന്നത്.

– വീരകേരളന്റെ നാടായതിനാല്‍ കേരളം എന്ന പേര്‍ വന്നു എന്നും ഒരു വിശ്വാസം ഉണ്ട്.

– മലഞ്ചെരിവ് എന്നര്‍ത്ഥമുള്ള ചാരല്‍ എന്ന തമിഴ് പദത്തില്‍ നിന്നാണ്‌ ചേരല്‍ ഉണ്ടായതെന്നും അതാണ്‌ കേരളമായതെന്നും മറ്റൊരു വാദം നിലനില്‍ക്കുന്നു.

– മറ്റൊരു അഭിപ്രായം അറബി സഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നില്‍ എന്നാണ്. കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അവര്‍ അല്ലാഹു അനുഗ്രഹിച്ച നാട് എന്നര്‍ത്ഥത്തില്‍ ഖൈറുള്ള എന്ന് വിളിച്ചിരുന്നത്രെ. അത് ലോപിച്ചാണ് കേരളം എന്ന പേര് ഉണ്ടായതെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. മലബാര്‍ എന്ന പേര്‍ നല്‍കിയത് അറബികള്‍ ആണെന്നതും ഇതിന് ശക്തി പകരാന്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.

– ചേരം (കേരളം) എന്ന വാക്ക് നാഗം (പാമ്പ്) എന്നതിന്റെ തല്‍സമമാണെന്ന് എല്‍.എ. അനന്തകൃഷ്ണയ്യര്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ ദ്രാവിഡരുടെ നാഗാരാധന കാരണമായിരിക്കണം ഒരു പക്ഷെ ഈ പേരു വരാനുള്ള കാരണം.

ഭരണസം‌വിധാനം

ജില്ലകള്‍ : 14
റവന്യു ഡിവിഷനുകള്‍ : 21
താലൂക്കുകള്‍ : 63
വില്ലേജുകള്‍ : 1018
ജില്ലാ പഞ്ചായത്തുകള്‍ : 14
ബ്ലോക്ക് പഞ്ചായത്തുകള്‍ : 152
ഗ്രാമപഞ്ചായത്തുകള്‍ : 978
നഗരസഭകള്‍ : 53
കോര്‍പ്പറേഷനുകള്‍ : 5
കന്റോണ്‍‌മെന്റ് : 1 (കണ്ണൂര്‍)
നിയമസഭാ മണ്ഡലങ്ങള്‍ : 140 + 1(ആംഗ്ലോ-ഇന്ത്യൻ സമുദായ നോമിനി)
ലോകസഭാ മണ്ഡലങ്ങള്‍ : 20
രാജ്യസഭാ സീറ്റുകള്‍ : 9

നിയമനിര്‍മ്മാണ സഭയായ കേരള നിയമസഭയില്‍ 141 അംഗങ്ങളുണ്ട്‌. 140 നിയമസഭാമണ്ഡലങ്ങളില്‍ നിന്നുളള ജനപ്രതിനിധികളും ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തില്‍ നിന്നുള്ള ഒരു നോമിനേറ്റഡ്‌ അംഗവും. സര്‍ക്കാരിന്റെ തലവന്‍ ഗവര്‍ണര്‍ ആണ്‌. എന്നിരുന്നാലും ഗവര്‍ണര്‍ക്ക്‌ നാമമാത്രമായ അധികാരങ്ങളേയുള്ളു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ്‌ ഭരണസംവിധാനം നിയന്ത്രിക്കുന്നത്‌. ത്രിതല പഞ്ചായത്തുകളടങ്ങുന്നതാണ്‌ പ്രാദേശിക ഭരണസംവിധാനം. ഗ്രാമപഞ്ചായത്തുകളാണ്‌ ഏറ്റവും താഴെത്തട്ടിലുളളത്‌. പിന്നീട്‌ ബ്ലോക്ക്‌ പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും. ഇവകൂടാതെ അഞ്ചു പ്രധാന നഗരങ്ങളെ കോര്‍പറേഷനുകളായും പ്രധാന പട്ടണങ്ങളെ മുനിസിപ്പാലിറ്റികളായും തിരിച്ചിട്ടുണ്ട്‌. എല്ലാ ജില്ലകളിലും ഭരണ മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ കലക്ടര്‍മാരുമുണ്ട്‌. രാജ്യത്തെ പരമോന്നത നിയമനിര്‍മ്മാണ സഭയായ ലോക്‌സഭയിലേക്ക്‌ കേരളം 20 പ്രതിനിധികളെ അയക്കുന്നു. പാര്‍ലമെന്റിന്റെ അധോമണ്ഡലമായ രാജ്യസഭയില്‍ കേരളത്തിന്‌ 9 പ്രതിനിധികളുണ്ട്‌.

ദേശീയ പാതകള്‍ : 8 (1523.95 കി.മീ.)
ആകെ റോഡ് : 1,62,149 കി.മീ.
റയില്‍‌വേ റൂട്ട് : 1148 കി.മീ.
ദേശീയ ജലപാത : 205 കി.മീ.

രാജ്യാന്തര വിമാനത്താവളങ്ങള്‍ : 3 (തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട്)

റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് : 4 (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മലപ്പുറം.)

ഭൂപ്രകൃതി

ഇന്ത്യയുടെ തെക്കെയറ്റത്ത് പടിഞ്ഞാറെക്കോണില്‍ പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയില്‍ സ്ഥിതി ചെയ്യുന്നു. കേരള സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണം 38,863 ചതുരശ്രകിലോമീറ്റര്‍. വടക്ക്കിഴക്ക് കര്‍ണ്ണാടക സംസ്ഥാനവും, തെക്കു കിഴക്ക് തമിഴ്നാട് സംസ്ഥാനവും പടിഞ്ഞാറ് അറബിക്കടലുമാണ് കേരളത്തിന്റെ അതിര്‍ത്തികള്‍.

ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ കേരളത്തെ നാലുവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.സമുദ്രനിരപ്പില്‍ നിന്ന് 600 മീറ്റര്‍ മുതല്‍ 2500 മീറ്റര്‍ വരെ ഉയരത്തിലുള്ള മലനാട്, 300 മീറ്റര്‍ മുതല്‍ 600 മീറ്റര്‍ വരെ ഉയരത്തിലുള്ള ഇടനാട്, 30 മീറ്റര്‍ മുതല്‍ 300 മീറ്റര്‍ വരെ ഉയരത്തിലുള്ള താഴ്വാരങ്ങള്‍, 30 മീറ്ററിനു താഴെയുള്ള തീരസമതലം.

മലകള്‍

വേദല്‍മല, ബ്രഹ്‌മഗിരി, ബാണാസുരമല, നെടുവാരം, താനോട്ടെമല, കുറിച്ചി പാണ്ടി, എളബിലേരി, മണിക്കുന്ന്, വെള്ളാരമല, വാവല്‍മല, കരിമല, കല്ലടിക്കോട്, പദഗിരി, കരിമലഗോപുരം, വെള്ളാച്ചിമുടി, വലിയ വനം, മയമ്മുടി, കാഞ്ചിലക്കുന്ന്, മുക്കോട്ടു മുടി, വിരപ്പിള്ളിക്കുന്ന്, മുടിയന്‍പാറ, വന്തോളം മല, ആനമുടി, ഷോലെ മല, ദേവി മല, കൂര്‍ക്ക കൊമ്പ്, ചൊക്കന്‍ മുടി, പെരുമ്പുട്ടി, വാഗവരൈ, അല്ലിമല, ഇരവിമല, കാട്ടുമല, കുമാരികല്‍, ചെമ്മല്‍ മുണ്ടി, പൈറത്ത് മല, കൊറുമ്പാര, പാമ്പാടുംചോല, ശബരിമല, പമ്പമല, മീമ്മല, കോയില്‍ മല, അലസിമല, ചങ്കുമല, ശിവഗിരിമല, പാലമല, കക്കിയാര്‍ മല, അഗസ്ത്യമുടി.

മണ്ണിനങ്ങള്‍

കേരളത്തില്‍ ഏഴ് മണ്ണിനങ്ങളാണുള്ളത്.

1. തേരിമണ്ണ് : ഒരിനം ചെമ്മണ്ണ്.

2. ലാറ്ററൈറ്റ് : ഉഷ്ണമേഖലാ കാലാവസ്ഥ ലാറ്ററൈറ്റ് രൂപീകരണത്തിന്‌ സഹായകമാകുന്നു.

3. ഏക്കല്‍ മണ്ണ് : നദീതടങ്ങളില്‍ അടിഞ്ഞു കൂടിയിട്ടുള്ള ജലോഢനിക്ഷേപങ്ങളാണ്‌ ഈയിനത്തില്‍പെടുന്നത്.

4. ചെളിമണ്ണ് : തീരപ്രദേശത്തും സമീപത്തുള്ള താണപ്രദേശങ്ങളിലും വ്യാപകമായി കാണുന്നു.

5. ഉപ്പുമണ്ണ് : തീരമേഖലയിലാണ്‌ ഉപ്പുമണ്ണ് വ്യാപകമായിട്ടുള്ളത്.

6. പരുത്തിക്കരിമണ്ണ് : പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ കാണുന്ന മണ്ണ്.

7. കാട്ടുമണ്ണ് : സംസ്ഥാനത്തിന്റെ കിഴക്കന്‍ പ്രദേശത്താണ്‌ കാട്ടുമണ്ണ് കണ്ടുവരുന്നത്.

ധാതുക്കള്‍

കേരളത്തിലെ പ്രധാന ധാതുക്കള്‍.

ഇല്‍മനെറ്റ്-മോണോസൈറ്റ് : കൊല്ലം ജില്ലയിലെ കടലോരപ്രദേശങ്ങളില്‍ ഇവയുടെ നിക്ഷേപങ്ങള്‍ വന്‍‌തോതില്‍ കാണപ്പെടുന്നു.

കളിമണ്ണ് : കൊല്ലം ജില്ലയിലെ കുണ്ടറയിലാണ്‌ കളിമണ്ണിന്റെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത്.

ബോക്‌സൈറ്റ് : വടക്കന്‍ കേരളത്തില്‍ ചെങ്കല്ല് അടരുമായി ഇടകലര്‍ന്ന രീതിയില്‍ ബോക്‌സൈറ്റ് നിക്ഷേപങ്ങള്‍ കാണുന്നു. ഏറ്റവും വലിയ ബോക്‌സൈറ്റ് നിക്ഷേപം നീലേശ്വരത്താണ്‌.

ഇരുമ്പ് : കോഴിക്കോട്ടും മലപ്പുറത്തും നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ചുണ്ണാമ്പുകല്ല് : കേരളത്തില്‍ പാലക്കാട്ടും വേമ്പനാട്ടു കായലിലും ചുണ്ണാമ്പു നിക്ഷേപമുണ്ട്.

ഗ്രാഫൈറ്റ് : തിരുവനന്തപുരം,കൊല്ലം,കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഗ്രാഫൈറ്റ് നിക്ഷേപങ്ങള്‍ കണ്ടുവരുന്നു.

സ്വര്‍ണ്ണം : വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

അഭ്രം : തിരുവനന്തപുരം ജില്ലയില്‍ അഭ്രം നേരിയ തോതില്‍ ഖനനം ചെയ്യുന്നു.
കേരളത്തില്‍ കാണപ്പെടുന്ന ഒരേയൊരു ഇന്ധനധാതുവാണ്‌ ലിഗ്‌നൈറ്റ്.

നദികള്‍

കേരളത്തില്‍ 44 നദികളാണുള്ളത്. ഇതില്‍ 41 എണ്ണം സഹ്യപര്‍വ്വതത്തില്‍ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി അറബിക്കടലില്‍ പതിക്കുന്നു. പാമ്പാര്‍, ഭവാനി, കബനി എന്നീ മൂന്നു നദികള്‍ സഹ്യപര്‍വ്വതത്തില്‍ നിന്ന്‌ ഉത്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്നു.

ഇരുപതിനായിരം ചതുരശ്രകിലോമീറ്ററില്‍ കൂടുതല്‍ നീര്‍‌വാര്‍ച്ചാ പ്രദേശമുള്ള നദികളെ മാത്രമേ ദേശീയതലത്തില്‍ മേജര്‍നദി (മഹാനദി)യായി കണക്കാക്കുകയുള്ളൂ. നീര്‍‌വാര്‍ച്ചാപ്രദേശത്തിന്റെ വിസ്തീര്‍ണ്ണം രണ്ടായിരത്തിനും ഇരുപതിനായിരത്തിനുമിടയ്ക്ക് (ചതുരശ്രകിലോമീറ്റര്‍) ആണെങ്കില്‍ അത്തരം നദികള്‍ മീഡിയം നദികളാണ്‌. നീര്‍‌വാര്‍ച്ചാപ്രദേശത്തിന്റെ വിസ്തീര്‍ണ്ണം രണ്ടായിരം ചതുരശ്രമീറ്റര്‍ കുറഞ്ഞവയാണ്‌ മൈനര്‍ നദികള്‍.
കേരളത്തിലെ ഏറ്റവും വലിയ പുഴകളായ ഭാരതപ്പുഴ, പമ്പ, പെരിയാര്‍, ചാലിയാര്‍ എന്നിവ ദേശീയ മാനദണ്ഡമനുസരിച്ച് മീഡിയം നദികളാണ്‌. കേരളത്തിലെ മറ്റുള്ള നാല്‍‌പതു നദികളും മൈനര്‍ നദികള്‍ മാത്രമാണ്‌.

നദികളും അണക്കെട്ടുകളും

ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങള്‍ എന്ന് അണക്കെട്ടുകളെ വിശേഷിപ്പിച്ചത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ്‌. കേരളത്തിലെ ആദ്യത്തെ അണക്കെട്ടാണ്‌ മുല്ലപ്പെരിയാര്‍ ഡാം.

ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം ഇടുക്കി അണക്കെട്ടാണ്‌. 1974-ല്‍ പണി പൂര്‍ത്തിയായി. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ്‌ ഇടുക്കിയിലേത്. ഇതിന് 169 മീറ്റര്‍ ഉയരമുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ കോണ്‍ക്രീറ്റ് അണക്കെട്ടാണ് മാട്ടുപ്പെട്ടി ഡാം. 238 മീറ്റര്‍ നീളവും 85 മീറ്റര്‍ ഉയരവുമുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അണ്‍ക്കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് പെരിയാര്‍ നദിയിലാണ്‌.

കേരളത്തിലെ പഴക്കം ചെന്ന അണക്കെട്ടുകളിലൊന്നാണ്‌ മുല്ലപ്പെരിയാര്‍. പെരിയാറിലെ വെള്ളം തേക്കടിയില്‍ അണക്കെട്ടി സംഭരിച്ച് തമിഴ്നാട്ടിലേക്കൊഴുക്കി വൈഗേയിനദിയില്‍ എത്തിച്ച് കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മിക്കാനാരംഭിച്ചത്.

Recommend to friends
  • gplus
  • pinterest

About the Author

Leave a comment