തഹസീല്‍ദാര്‍

താലൂക്കുതലത്തിലുള്ള ഉയര്‍ന്ന റവന്യൂ ഭരണാധിപന്‍. ‘തഹസീല്‍’ എന്ന പേര്‍ഷ്യന്‍ വാക്കിന്റെ അര്‍ഥം ഭരണസൗകര്യത്തിനായി രൂപീകരിച്ചിട്ടുള്ള ചെറു പ്രദേശം എന്നാണ്. തഹസീല്‍ എന്നത് താലൂക്ക്; തഹസീല്‍ ഭരിക്കുന്ന ഉദ്യോഗസ്ഥന്‍ തഹസീല്‍ദാര്‍. തഹസീല്‍ദാരെ താലൂക്കുദാര്‍ എന്നും വിളിക്കുന്നു. റവന്യൂവകുപ്പിലെ ഏറെ ഉത്തരവാദിത്വവും അധികാരവും ചുമതലയുമുള്ള ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തഹസീല്‍ദാര്‍. അദ്ദേഹത്തിന്റെ കാര്യാലയത്തെ താലൂക്കു കച്ചേരി അഥവാ താലൂക്ക് ആഫീസ് എന്നു പറയുന്നു. പട്ടയം കൊടുക്കല്‍, നികുതി പിരിവ്, വസ്തുക്കളുടെ അതിര്‍ത്തി നിര്‍ണയം, അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കു സഹായമെത്തിക്കല്‍, സര്‍ക്കാര്‍ പ്രതിനിധിയായി പ്രവര്‍ത്തിക്കല്‍, ജാതി, വരുമാനം, നേറ്റിവിറ്റി എന്നിവ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ നല്കല്‍ എന്നിവ തഹസീല്‍ദാരുടെ അധികാരപരിധിയില്‍പ്പെടുന്നു. ഭൂമിയുടെ വിലനിര്‍ണയിക്കല്‍, രജിസ്ട്രേഷന്‍ കൈമാറ്റം ചെയ്യല്‍, പട്ടയം നല്കല്‍ മുതലായവയെ സംബന്ധിച്ച കാര്യങ്ങളും തഹസീല്‍ദാരുടെ ചുമതലകളില്‍പ്പെടുന്നു. സര്‍ക്കാര്‍ ഓരോ പ്രത്യേക ആവശ്യത്തിനായി തഹസീല്‍ദാര്‍മാരെ സ്പെഷ്യല്‍ തഹസീല്‍ദാര്‍ ആയി നിയമിക്കുന്ന പതിവുണ്ട്. രാജഭരണകാലത്ത് തഹസീല്‍ദാര്‍ മജിസ്റ്റ്രേട്ടായും പ്രവര്‍ത്തിച്ചിരുന്നു.

താലൂക്കുതലത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലി കള്‍ നടത്തുന്നതില്‍ തഹസീല്‍ദാര്‍ക്ക് വളരെ ഉത്തരവാദിത്വമുണ്ട്. ക്രമസമാധാനപാലനം, പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കല്‍ എന്നിവ തഹസീല്‍ദാരുടെ ചുമതലകളില്‍പ്പെടുന്നു. മുദ്രപ്പത്രങ്ങള്‍, സ്റ്റാമ്പുകള്‍ എന്നിവ വില്പന നടത്തുന്നതും നിയന്ത്രിക്കുന്നതും തഹസീല്‍ദാരുടെ ചുമതലകളില്‍പ്പെടുന്ന കാര്യമാണ്. പൊതുജനങ്ങളുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലെ ഒരു പ്രധാന കണ്ണിയാണ് തഹസീല്‍ദാര്‍.

Recommend to friends
  • gplus
  • pinterest

About the Author

Leave a comment