ദേശീയഗാനം

ഓരോ രാജ്യവും അതിന്റെ ദേശീയത പ്രതിഫലിക്കുന്ന നിലയില്‍ ഔദ്യോഗികമായി സ്വീകരിക്കുന്ന ഗാനം. ഒരു സ്വതന്ത്ര രാഷ്ട്രത്തിന് ദേശീയപതാക എന്നതുപോലെ ദേശീയഗാനവും അത്യന്താപേക്ഷിതമത്രെ. ദേശീയഗാനം രാഷ്ട്രത്തിന്റെ മഹത്ത്വത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകവും അധികാരത്തിന്റെ ചിഹ്നവുമാണ്.

യൂറോപ്പില്‍ ഇംഗ്ലണ്ടിലായിരുന്നു ദേശീയഗാനം എന്ന ആശയം ആദ്യം ആവിര്‍ഭവിച്ചത്. ലണ്ടനില്‍ ഉയര്‍ന്നുകേട്ട ആദ്യത്തെ ദേശീയഗാനം ‘നമ്മുടെ മഹാനായ രാജാവിനെ ദൈവം അനുഗ്രഹിക്കട്ടെ, നമ്മുടെ രാജാവായ മഹാനായ ജോര്‍ജിനെ ദൈവം രക്ഷിക്കട്ടെ’ എന്ന് അര്‍ഥം വരുന്നതായിരുന്നു (‘God bless our noble King,God save great George,our King’). കവിയും സംഗീതജ്ഞനുമായ ഡോ. തോമസ് ആര്‍തേയുടെ രചനയാണിത്. ലണ്ടനില്‍ ചാള്‍സ് എഡ്വേഡ് സ്റ്റുവര്‍ട്ട് നയിച്ച സൈന്യത്തിന്റെ പടപ്പുറപ്പാടിലാണ് ഇത് ആദ്യമായി ആലപിക്കപ്പെട്ടത്. പിന്നീട് പൊതുപരിപാടികളിലെല്ലാം ഇത് ആലപിക്കുന്നത് പതിവായി.

വിദേശികള്‍ ഭാരതത്തില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന കാലത്ത് ഇവിടെ പൊതുവില്‍ അംഗീകരിക്കപ്പെട്ട ഒരു ദേശീയഗാനം ഇല്ലായിരുന്നു. ‘ചക്രവര്‍ത്തിയെ ദൈവം രക്ഷിക്കട്ടെ’ എന്ന് അര്‍ഥം വരുന്ന ഇംഗ്ലീഷ് ഗാനമാണ് ഔദ്യോഗിക ചടങ്ങുകളില്‍ ആലപിക്കപ്പെട്ടിരുന്നത്.

രബീന്ദ്രനാഥ ടാഗൂര്‍ രചിച്ച ‘ജനഗണമന…’ എന്നു തുടങ്ങുന്ന ഗാനമാണ് ഇന്ത്യയുടെ ദേശീയഗാനം. സ്വതന്ത്ര ഭാരതത്തിലെ ദേശീയഗാനത്തിന്റെ ചരിത്രം തുടങ്ങുന്നത് 1911-ഡി. 27-ന് കല്‍ക്കട്ടയില്‍ (കൊല്‍ക്കത്ത)വച്ചു നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 28-ാം വാര്‍ഷിക സമ്മേളനവേദിയില്‍ നിന്നാണ് എന്നു പറയാം. സമ്മേളനത്തിന്റെ ഒന്നാം ദിവസത്തെ പരിപാടികള്‍ ബങ്കിം ചന്ദ്ര രചിച്ച ‘വന്ദേമാതര’ ഗാനത്തോടെയാണ് ആരംഭിച്ചത്. രണ്ടാം ദിവസത്തെ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ആലപിക്കപ്പെട്ട രാഷ്ട്രഗീതം സദസ്യരുടെ സവിശേഷശ്രദ്ധയ്ക്കു പാത്രമാവുകയും ശ്രോതാക്കളെ ആവേശഭരിതരാക്കുകയും ചെയ്തു.

Recommend to friends
  • gplus
  • pinterest

About the Author

Leave a comment