നോമ്പ്(വ്രതാനുഷ്ഠാന‌ം)

ഇസ്ലാം മതത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ നാലാമത്തേതാണ്‌ റമസാന്‍ വ്രതാനുഷ്ഠാന‌ം. അതിപ്രധാനമായ ഒരു ആരാധനാ കര്‍‌‍മ്മമാണത്. അല്ലാഹുവിന്റെ പ്രീതിയും ഇഷ്ടവും കരസ്ഥമാക്കുന്നതിനുവേണ്ടി പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങളും ശരീരേഛകളും തടഞ്ഞു നിര്‍ത്തുക, അല്ലാഹുവിനെ അനുസരിക്കുന്നതിന്‌ വേണ്ടി നമ്മുടെ ആഗ്രഹങ്ങളും താല്പര്യങ്ങളും നിഗ്രഹിക്കുക – ഇതിനാണ്‌ വ്രതാനുഷ്ഠാനം എന്നു പറയുന്നത്.

ഹിജ്റ രണ്ടാം കൊല്ലം ശ‌അബാന്‍ മാസത്തിലാണ്‌ റമസാന്‍ വ്രതാനുഷ്ഠാന‌ം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സന്ദേശം ഇറങ്ങിയത്‌. വ്രതാനുഷ്ഠാന‌ം നിര്‍ബന്ധമാക്കപ്പെടുന്ന ഒരേയൊരു സമുദായമല്ല മുഹമ്മദ് നബി(സ)യുടെ സമുദായം. അവര്‍ക്ക് മുമ്പുള്ള സമുദായങ്ങളിലും വ്രതാനുഷ്ഠാന‌ം നിര്‍ബന്ധമാക്കപ്പെട്ടിരുന്നു. വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നു,”സത്യവിശ്വാസികളെ, നിങ്ങള്‍ക്ക് മുമ്പുള്ളവരുടെ മേല്‍ വ്രതം നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങളുടെ മേലും വ്രതം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയുള്ളവരായിത്തീരാന്‍ വേണ്ടി. നിങ്ങളില്‍ നിന്നു ആരെങ്കിലും രോഗിയോ യാത്രക്കാരനോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ നിന്ന് പ്രസ്തുത എണ്ണം നോറ്റുവീട്ടേണ്ടതാണ്. ( 2:183 )”.ചന്ദ്രവര്‍‌‍ഷത്തില്‍ 12 മാസങ്ങളുണ്ടല്ലോ. ഇതില്‍ എന്തുകൊണ്ടാണ്‌ റമസാന്‍ മാസത്തെ വ്രതാനുഷ്ഠാനത്തിനുവേണ്ടി തെരഞ്ഞെടുത്തത്‌? ഈ ചോദ്യത്തിന്‌ വിശുദ്ധ ഖുര്‍‌ആന്‍ തന്നെ ഉത്തരം പറഞ്ഞിരിക്കുന്നു. “മനുഷ്യര്‍ക്ക് മാര്‍ഗ്ഗദര്‍‌‍ശനമായും വ്യക്തമായ സന്മാര്‍‌ഗ്ഗിക നിര്‍ദ്ദേശങ്ങളോടെയും സത്യത്തെയും അസത്യത്തെയും തമ്മില്‍ വേര്‍‌‌തിരിക്കുന്നതായും ഖുര്‍‌ആന്‍ ഇറക്കപ്പെട്ട മാസമാകുന്നു റമസാന്‍ മാസം. ആ മാസത്തില്‍ ഹാജറുള്ളവര്‍ വ്രതാനുഷ്ഠിച്ചു കൊള്ളട്ടെ ( 2:185 )”.

മനുഷ്യ സമൂഹത്തിന്‌ അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ്‌ വിശുദ്ധ ഖുര്‍‌ആന്‍. ഖുര്‍‌ആനാണ്‌ നമുക്ക് വെളിച്ചവും ജീവിതത്തില്‍ ദിശാബോധവും നല്‍‌‍കിയത്‌. ഖുര്‍‌ആന്‍ അവതീര്‍‌ണ്ണമായ മാസമാണ്‌ റമസാന്‍ മാസം. അതുകൊണ്ടാണ്‌ വ്രതാനുഷ്ഠാനത്തിന്‌ പ്രസ്തുത മാസം തന്നെ തെരഞ്ഞെടുത്തിട്ടുള്ളത്‌.

മറ്റു ആരാധനാ കര്‍‌മ്മങ്ങളില്‍‌നിന്നും തികച്ചും വ്യത്യസ്തമായ ഒരു ആരാധനാ കര്‍‌മ്മമാണ്‌ വ്രതാനുഷ്ഠാന‌ം. പ്രഭാതം മുതല്‍ പ്രദോഷം വരെയും അന്നപാനീയങ്ങളും ദേഹേഛകളും തടഞ്ഞു നിര്‍ത്തുകയെന്നത് ശ്രമകരമായ ഒരു പ്രവൃത്തിയാണ്‌. നല്ല ക്ഷമയും സഹന ശക്തിയും ഉണ്ടെങ്കിലേ അത് സാധിക്കുകയുള്ളൂ. അരികത്ത് ഭക്ഷണ പാനീയങ്ങളുണ്ട്. നല്ല വിശപ്പും ദാഹവും അനുഭവപ്പെടുന്നുമുണ്ട്. എന്നിട്ടും ഭക്ഷണ പനീയങ്ങള്‍ നാം ഉപയോഗിക്കുന്നില്ല. ലൈംഗികേഛ ഉണ്ടായിട്ടും സ്വന്തം ഭാര്യ അല്ലെങ്കില്‍ ഭര്‍‌‍ത്താവ് കൂടെ ഉണ്ടായിട്ടും നാം ആ ഇഛ പൂര്‍ത്തിയാക്കാന്‍ മുതിരുന്നില്ല. ഇത് ഒരു ത്യാഗം തന്നെയാണ്‌. എന്തിനാണ്‌ നാം ഈ ത്യാഗം ചെയ്യുന്നത് ? സര്‍‌വ്വശക്തനായ അല്ലാഹുവിന്റെ പ്രീതിക്കും പൊരുത്തത്തിനും വേണ്ടി തന്നെ. മറ്റാളുകളെ കാണിക്കാന്‍ വേണ്ടി ആരും നോമ്പ് നോല്‍‌‍ക്കുകയില്ല. എന്തു കൊണ്ടെന്നാല്‍ അല്ലാഹുവും അവന്റെ ദാസനും തമ്മിലുള്ള ഒരു സ്വകാര്യ ഇടപാടാണ്‌ നോമ്പ്. ഒരാള്‍ നോമ്പ് നോറ്റിട്ടുണ്ട് എന്ന് അല്ലഹുവിന്‌ മാത്രമേ അറിയുകയുള്ളൂ. അതുകൊണ്ടാണ്‌ നബി(സ) പറഞ്ഞത്, അല്ലാഹു ഇങ്ങനെ പറയുകയുണ്ടായി : “നോമ്പ് എനിക്കുള്ളതാണ്‌, ഞാനാണ്‌ അതിന്‌ പ്രതിഫലം കൊടുക്കുക”

എല്ലാ ആരാധനകളും അല്ലാഹുവിന്‌ തന്നെയാണ്‌. എല്ലാ ആരാധനകള്‍‌ക്കും പ്രതിഫലം കൊടുക്കുന്നതും അല്ലാഹു തന്നെ. പക്ഷെ നോമ്പിന്‌ സവിശേഷമായ സ്ഥാനവും പ്രതിഫലവും ഉണ്ടെന്നാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്.

വിശ്വാസത്തോടും പ്രതിഫലേഛയോടുംകൂടി ആരെങ്കിലും റമസാന്‍ മാസം നോമ്പെടുത്താല്‍ അവന്റെ കഴിഞ്ഞകാല പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് നബി(സ) അരുള്‍ ചെയ്തിരിക്കുന്നു.

വിശുദ്ധ റമസാന്‍ പല അനുഗ്രഹങ്ങളാലും സമ്പന്നമാണ്‌. ഖുര്‍‌ആന്‍, തൗ‌റാത്ത്, ഇഞ്ചീല്‍, സബൂര്‍ എന്നീ പരിശുദ്ധ ഗ്രന്ഥങ്ങളുടെ അവതരണം, ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്റ്, പിശാചുകള്‍ക്ക് ബന്ധനം, നരക മോചനം, മഹത്തായ പ്രതിഫല വാഗ്ദാനം തുടങ്ങിയവ അതില്‍ ചിലതാണ്‌. റമസാനിലെ ആദ്യത്തെ പത്ത് റഹ്മത്തിനെയും മധ്യ പത്ത് പാപമോചനത്തേയും അവസാന പത്ത് നരക മുക്തിയേയും കുറിക്കുന്നതാണ്‌. മറ്റു മാസങ്ങളില്‍ ഇല്ലാത്ത പല ആരാധനാകര്‍‌മ്മങ്ങളും പ്രാര്‍‌ഥനാ വചനങ്ങളും ഈ പുണ്യമാസത്തിന്റെ പ്രത്യേകതയാണ്‌. നന്മകള്‍ വാരിക്കൂട്ടാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് റമസാന്‍ മുഴുക്കെ സുവര്‍‌ണ്ണാവസരമാകുന്നു. ഈ മാസത്തിന്റെ പവിത്രതയെ അറിഞ്ഞ് ആദരിക്കാന്‍‌ ഓരോ മുസ്ലിമും കടപ്പെട്ടവനാണ്‌. റമസാനിനോടുള്ള അനാദരവ് വിശ്വാസത്തിന്റെ ബലഹീനതയിലേക്കും ജീവിത ലക്ഷ്യത്തിന്റെ മാര്‍‌ഗഭ്രംശത്തിലേക്കും വിരല്‍ ചൂണ്ടുന്നു.

ദൈവിക അനുഗ്രഹത്തിന്റെ വിശുദ്ധമാസമാണ്‌ റമസാന്‍. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍‌ഷിക്കുകയും അടിമകള്‍ സദ്കര്‍‌മ്മങ്ങള്‍ ഇരട്ടിപ്പിക്കുകയും ചെയ്യുന്ന ഈ പുണ്യമാസത്തില്‍ പാപവിമുക്തിയും പ്രാര്‍ത്ഥനകള്‍‌‍ക്ക് ഉത്തരമേകുകയും ചെയ്യുന്നു. റമസാനിന്റെ വിശുദ്ധ ദിനരാത്രികളില്‍ സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരഗ വാതായനങ്ങള്‍ ബന്ധിക്കപ്പെടുകയും ചെയ്യും. വിശുദ്ധ റമസാന്റെ പവിത്രതയും പരിശുദ്ധിയും സം‌രക്ഷിക്കാന്‍ നാം മുസ്ലിംകള്‍ കല്‍‌പ്പിക്കപ്പെട്ടിരിക്കുന്നു. അതിന്റെ പുണ്യദിനങ്ങളില്‍ പാപ മോക്ഷത്തിന്‌ വേണ്ടിയുള്ള ആരാധനകളില്‍ നാം വ്യാപൃതരാവണം. വിശുദ്ധ റമസാന്റെ മതകീയ പാഠങ്ങളും പ്രത്യേക അനുഷ്ഠാനങ്ങളും മത ജ്ഞാനികളോട് ചോദിച്ച് മനസ്സിലാക്കണം. ക്ഷമ, കാരുണ്യം, സദ്സ്വഭാവം തുടങ്ങിയ സ്വഭാവ വിശേഷങ്ങള്‍ നോമ്പുകാരന്‍ കൈവരിക്കണം. വ്രതാനുഷ്ഠാനത്തിലും അനുബന്ധ കര്‍‌മ്മങ്ങളിലും ദൈവീക സാമീപ്യം മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം. പ്രവാചകന്‍ (സ ) പറയുന്നു: ” കാപട്യ മുക്തവും ദൈവീക പ്രതിഫലം ഉദ്ദേശിച്ചുള്ളതുമായ പ്രവര്‍‌ത്തനങ്ങള്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ ” ( നസാഇ ). വ്രത കാലത്തെ ആര്‍‌ഭാടങ്ങള്‍ ഒഴിവാക്കണം. ഭക്ഷണ വിഭവങ്ങളില്‍ സമൂഹത്തില്‍ കണ്ടു വരുന്ന ധാരാളിത്ത പ്രവണത അവസാനിപ്പിക്കാന്‍ ഒരോ മുസ്ലിമും ബദ്ധശ്രദ്ധരാവണം. ഖുര്‍‌ആന്‍ സൂക്തം 7-31 )ഒ വചനത്തില്‍ പറയുന്നു: “നിങ്ങള്‍ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക. ദുര്‍‌വ്യായം അരുത്. ദുര്‍‌വ്യായം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല”. അവശ്യക്കാര്‍ക്ക് ദാനം ചെയ്യാനും ആവശ്യക്കാര്‍ക്ക് ദാനം ചെയ്യാനും അവശ്യ പൂര്‍‌ത്തീകരണത്തില്‍ ബോധവാന്മാരാവാനും നാം തയ്യാറാവണം. ദൈവിക അനുഗ്രഹത്തിന്റെ ഈ വസന്ത കാലത്ത് സദ്കര്‍‌മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ നാം നമ്മുടെ ശരീരങ്ങള്‍ പാകപ്പെടുത്തണം. നരക മോചനവും സ്വര്‍ഗ പ്രവേശവും വിധിക്കപ്പെടുന്ന സംഘങ്ങളില്‍ ഉള്‍പ്പെടാന്‍ നാം ആരാധനകളില്‍ പങ്ക് കൊള്ളണം. അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീന്‍.

Recommend to friends
  • gplus
  • pinterest

About the Author

Leave a comment