പുകവലി

ദൂഷ്യഫലങ്ങള്‍ മാത്രമുള്ള ഗുണപരമായ യാതൊന്നുമില്ലാതെ ഒന്നാണ് പുകവലിയും, പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗവും എന്നു പറയാതെ വയ്യ.

പുകയില ഒരു വര്‍ഷം 60 ലക്ഷം പേരുടെ മരണത്തിന് കാരണമാകുന്നു എന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ ഏകദേശം 10 ലക്ഷം പേര്‍ ഇന്ത്യക്കാരാണ്. 90 ശതമാനം ശ്വാസകോശ കാന്‍സറിന്റെയും 25 ശതമാനം ഹൃദ്രോഗത്തിന്റെ കാരണവും പുകവലിയല്ലാതെ മറ്റൊന്നുമല്ല. യഥാര്‍ഥ കണക്കുകള്‍ ഇതിലുമെത്രയോ കൂടുതല്‍ ആയിരിക്കാനാണ് സാധ്യത. പുകവലി മൂലമുണ്ടാകുന്ന അസുഖങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. പ്രധാനപ്പെട്ട പുകയില പുകവലി ജന്യ രോഗങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിച്ചു നോക്കാം.

ശ്വാസകോശം: ശ്വാസകോശ കാന്‍സര്‍, വിട്ടുമാറാത്ത ചുമ(ക്രോണിക് ബ്രോങ്കിറ്റിസ്, എംഫിസീമ), കുട്ടികളിലെ ആസ്ത്മ, കൂടാതെ ആസ്ത്മ അധികരിക്കല്‍)

ഹൃദയം : ഹൃദയാഘാതം, രക്തക്കുഴലുകളെ ബാധിക്കുന്ന ഗാന്‍ഗ്രീന്‍, രക്തപ്രവാഹം തടസപ്പെടല്‍.

മസ്തിഷ്കം: പക്ഷാഘാതം, ബുദ്ധിമാന്ദ്യം, വിഷാദരോഗങ്ങള്‍

മറ്റുള്ളവ: വിവിധ അവയവങ്ങളിലെ കാന്‍സറുകള്‍ (വായ , തൊണ്ട, അന്നനാളം, ആമാശയം, പാന്‍ക്രിയാസ്, വൃക്ക, മൂത്രസഞ്ചി, ഗര്‍ഭാശയ കാന്‍സറുകള്‍) രക്താര്‍ബുദം, ആമാശയത്തിിലേയും കുടലിലേയും വ്രണങ്ങള്‍, വന്ധ്യത, ഉദ്ദാരണശേഷിക്കുറവ്, പ്രമേഹം, ഗര്‍ഭമലസല്‍. ഈ പട്ടിക അപൂര്‍ണമാണെന്നും ഇനിയും നിരവധി രോഗങ്ങള്‍ ഇതിലേയ്ക്ക് ചേര്‍ക്കാനുണ്ടെന്നുമുള്ള വസ്തുത നാം മനസിലാക്കണം.

പുരുഷന്മാരില്‍ ഏറ്റവുമധികം കാണപ്പെടുന്ന അര്‍ബുദമാണ് ശ്വാസകോശാര്‍ബുദം. പുകവലി സാധാരണമായതോടെ ഇന്ന് സ്ത്രീകളിലും ഈ രോഗം കണ്ടുവരുന്നു. പുകവലിയാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. അതുകൊണ്ടു തന്നെ പുരുഷന്മാരിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നതും. എന്നാല്‍ സ്ത്രീകള്‍ക്കിടയില്‍ പുകവലി സാധാരണമല്ലാത്ത നമ്മുടെ നാട്ടില്‍പ്പോലും അടുത്ത കാലത്തായി ഇവര്‍ക്കിടയില്‍ ശ്വാസകോശാര്‍ബുദം കൂടുതലായി കണ്ടുവരുന്നു. ഇതിനു കാരണം ഇക്കൂട്ടരുടെ ജീവിത പങ്കാളികളുടെ പുകവലിയാണത്രെ.

മറ്റുള്ളവര്‍ പുകവലിക്കുമ്പോള്‍ പുറംതള്ളുന്ന പുക അന്തരീക്ഷത്തില്‍ കലര്‍ന്ന് ഇങ്ങനെ പുകവലിക്കാത്തവര്‍ക്ക് രോഗകാരണമാവുന്നതിനെ പാസ്സീവ് സ്‌മോക്കിങ് എന്നു പറയുന്നു. പാസ്സീവ് സ്‌മോക്കിങ് കൂടാതെ പാചകം ചെയ്യുമ്പോഴുണ്ടാകുന്ന പുക, അന്തരീക്ഷ മലിനീകരണം, പുകയും പൊടിയും മറ്റു രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുന്ന ജോലി(ഉദാ: ആസ്ബസ്‌റ്റോസ്, ക്രോമിയം, യുറേനിയം ഫാക്ടറികളിലെയും ഖനികളിലെയും തൊഴിലാളികള്‍ മുതലായവര്‍) എന്നിവയും ഈ രോഗത്തിന്റെ സാധ്യത കൂട്ടുന്നു. നന്നായി പുകവലിക്കുന്നവരില്‍ ഈ രോഗം വരാനുള്ള സാധ്യത പുകവലിക്കാത്തവരേക്കാള്‍ 20 ഇരട്ടിയാണ്. പുകവലി നിര്‍ത്തിയാലും 10 മുതല്‍ 15 വര്‍ഷം കൊണ്ടു മാത്രമേ രോഗസാധ്യത കുറയുന്നുള്ളൂ. പുകവലിക്കാരുടെ ജീവിതപങ്കാളികള്‍ക്കും ശ്വാസകോശാര്‍ബുദം ഉണ്ടാവാനുള്ള സാധ്യത അഞ്ച് ഇരട്ടിയാണ്.

രോഗലക്ഷണങ്ങള്‍

പലപ്പോഴും രോഗലക്ഷണങ്ങളുടെ അഭാവം മൂലം ഈ രോഗം ആരംഭദശയില്‍ കണ്ടുപിടിക്കപ്പെടാതെ പോകുന്നു. ചുമയാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണം. പക്ഷേ പുകവലിക്കുന്നവരില്‍ ചുമ സര്‍വസാധാരണമായതിനാല്‍ പല രോഗികളും ഇതു കാര്യമാക്കാറില്ല. കഫമില്ലാത്ത ചുമയാണു സാധാരണമെങ്കിലും ചിലപ്പോള്‍ കട്ടികുറഞ്ഞ പത പോലത്തെ കഫം ധാരാളമായി കാണപ്പെടുന്നു. പലപ്പോഴും ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും ഈ രോഗത്തിന്റെ ലക്ഷണമാവാം. കലശലായ ശ്വാസ തടസ്സം, മുഖത്തും മാറത്തും നീര്, ശബ്ദത്തിനു വ്യതിയാനം(ഒച്ചയടപ്പ്), ഭക്ഷണം വിഴുങ്ങാന്‍ തടസ്സം, വിശപ്പില്ലായ്മ, ശരീരം ശോഷിക്കുക മുതലായവ രോഗം കടുത്താലുള്ള ലക്ഷണങ്ങളാണ്.
അര്‍ബുദം വാരിയെല്ലുകളെയും മറ്റും ആക്രമിച്ചു തുടങ്ങുമ്പോള്‍ കടുത്ത നെഞ്ചുവേദനയുണ്ടാകാം. കരള്‍, മസ്തിഷ്‌കം, അസ്ഥികള്‍ എന്നിവിടങ്ങളിലേക്കും ഈ രോഗം പടര്‍ന്നുപിടിക്കാം. നെഞ്ചിനകത്ത് വളരെയധികം നീരു നിറഞ്ഞ് കടുത്ത ശ്വാസംമുട്ടലും ഇതുമൂലമുണ്ടാകാം.

രോഗനിര്‍ണയം

നെഞ്ചിന്റെ എക്‌സ്‌റേ എടുക്കുകയാണ് രോഗനിര്‍ണയത്തിന് ഏറ്റവും ലളിതമായ മാര്‍ഗം. കുഴല്‍ കടത്തി ശ്വാസനാളത്തിന്റെ ഉള്‍വശം നേരിട്ട് പരിശോധിക്കുന്ന ബ്രോങ്കോസ്‌കോപ്പി എന്ന പരിശോധനയും വളരെ ഫലപ്രദമാണ്. കൂടാതെ കഫം, രക്തം എന്നിവയുടെ പരിശോധനയും സി.ടി. സ്‌കാനിങും വേണ്ടിവന്നേക്കാം. ആരംഭദശയില്‍, ശ്വാസകോശാര്‍ബുദം മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നതിനു മുമ്പ് കണ്ടെത്തിയാല്‍ ചിലപ്പോള്‍ ശസ്ത്രക്രിയ വഴി പൂര്‍ണമായി നീക്കംചെയ്യാന്‍ കഴിഞ്ഞേക്കും. എന്നാല്‍ മിക്കവാറും രോഗം കണ്ടുപിടിക്കുമ്പോഴേക്കും ഇതു ചികിത്സിച്ചു ഭേദപ്പെടുത്താന്‍ കഴിയാത്തവിധം വളര്‍ന്നു കഴിഞ്ഞിരിക്കും. മരുന്നുകളുപയോഗിച്ചുള്ള കീമോ തെറാപ്പിയും റേഡിയേഷന്‍ ചികിത്സയും കൊണ്ട് അര്‍ബുദത്തിന്റെ വളര്‍ച്ച തടയാമെങ്കിലും ഈ രോഗം സാധാരണഗതിയില്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാറില്ല. രോഗം കണ്ടെത്തി ഒരു വര്‍ഷത്തിനകം പകുതിയിലേറെപ്പേരും മരണമടയാറുണ്ട്.

രോഗപ്രതിരോധം

ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത സ്ഥിതിക്ക് രോഗം വരാതെ നോക്കുന്നതിന്റെ പ്രാധാന്യമേറുന്നു. പുകവലി ഒഴിവാക്കുക എന്നതാണ് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗം. നാം സ്വയം പുകവലിക്കാതിരുന്നാല്‍ മാത്രം പോരാ. വീട്ടിലും ജോലിസ്ഥലത്തുമുള്ള പുകവലിക്കാരെ അതില്‍നിന്നു പിന്തിരിപ്പിക്കാനും ശ്രമിക്കണം. കഴിവതും പുകവലിക്കാരുമായി ഇടപഴകുന്നതു കുറയ്ക്കണം. ചെറിയൊരളവു വരെ പാരമ്പര്യമായും ശ്വാസകോശാര്‍ബുദം വരാന്‍ സാധ്യതയുള്ളതിനാല്‍ അങ്ങനെയുള്ളവര്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

എല്ലാ പുകവലിക്കാരും ഇടയ്ക്കിടെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയരാവുകയും വര്‍ഷത്തിലൊരിക്കലെങ്കിലും നെഞ്ചിന്റെ എക്‌സ്‌റേ പരിശോധന നടത്തുകയും ചെയ്താല്‍ ഈ രോഗം ആരംഭദശയില്‍ കണ്ടുപിടിക്കാനും രോഗം നിര്‍മാര്‍ജനം ചെയ്യാനുമുള്ള സാധ്യത കൂടുന്നു. പോഷകപ്രധാനമായ ആഹാരം- പ്രത്യേകിച്ചും പച്ചക്കറികള്‍, പഴങ്ങള്‍ മുതലായവ ധാരാളം കഴിക്കുന്നത് ശ്വാസകോശാര്‍ബുദ െത്ത തടയാന്‍ ഒരു പരിധിവരെ സഹായിക്കുന്നു

എന്താണീ ദൂഷ്യഫലങ്ങള്‍ക്കു കാരണം?

പുകയിലയിലും പുകയിലും നാലായിരത്തിലധികം രാസവസ്തുക്കളുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. അതിലേതാണ്ട് 40ല്‍ അധികം ഘടകങ്ങള്‍ മാരകമായ കാന്‍സര്‍ ഉണ്ടാക്കുന്നവയാണ്. പോളിസൈക്ളിക്ക് ആരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകള്‍, നൈട്രോസമിനുകള്‍, വിനൈല്‍ക്ളാറൈഡ്, ആര്‍സെനിക്ക്, നിക്കല്‍ തുടങ്ങിയവ പുകയിലയടങ്ങിയ പ്രധാന കാന്‍സര്‍ ജന്യ വസ്തുക്കളാണ്. കൂടാതെ ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന നിരവധി പദാര്‍ഥങ്ങള്‍ പുകയിലയില്‍ അടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ നിഷ്ക്രിയ പുകവലി (പാസ്സീവ് സ്മോക്കിങ്) പുകവലിക്കാത്തവര്‍ക്ക് പ്രത്യേകിച്ച് കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും രോഗങ്ങള്‍ സമ്മാനിക്കുന്നു എന്ന സത്യം വിസ്മരിക്കരുത്.

പുകവലി മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഇതിനൊക്കെ പുറമെയാണ്. നമ്മുടെ നാട്ടിലെ അല്‍പ വരുമാനക്കാരും, അര്‍ധ പട്ടിണിക്കാരുമൊക്കെ വരുമാനത്തിന്റെ 30 ശതമാനം വരെ പുകവലിക്കായി ഉപയോഗിക്കുന്നു എന്ന വസ്തുത ഭീകരമായ ഒരുഅവസ്ഥയല്ലേ വരച്ചുകാട്ടുന്നത്.

എങ്കില്‍ പുകവലി നിര്‍ത്തിയേക്കാം എന്നു വിചാരിക്കുമ്പോഴാണ് മറ്റൊരു പ്രശ്നം കടന്നുവരുന്നത്. പുകയില ഉപയോഗിക്കാനും അങ്ങനെ നമ്മെ അതിനടിമയാക്കാനും കാരണക്കാരന്‍ നിക്കോട്ടിനാണ്. നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന ഈ രാസവസ്തുവാണ് വീണ്ടും വീണ്ടും പുകവലിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.

പുകവലി എന്നെന്നേക്കുമായി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ധാരാളം പുകവലിക്കാര്‍ നമ്മുടെ ഇടയിലുണ്ട്. നിരവധി പ്രാവശ്യം. പുകവലി നിര്‍ത്താന്‍ ശ്രമിച്ച പരാജയപ്പെട്ടവരും ഒട്ടേറെയുണ്ട്. ഇത്തരക്കാരുടെ പ്രശ്നം അനുതാപപൂര്‍ണം കണ്ട് അവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്.

ആധുനിക വൈദ്യശാസ്ത്രത്തിന് ഇതിലെന്തു ചെയ്യാന്‍ കഴിയുമെന്ന് നമുക്ക് പരിശോധിക്കാം. പുകവലിക്കാരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുവാനും വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുവാനും നമുക്ക് കഴിയണം. കൂടാതെ ശരീരത്തിലെ നിക്കോട്ടിന്റെ അളവ് പടിപടിയായി കുറച്ച് പുകവലി പൂര്‍ണമായി നിര്‍ത്താന്‍ അവരെ സഹായിക്കേണ്ടതുണ്ട്. പലര്‍ക്കും പുകവലി നിര്‍ത്താന്‍ വേണ്ടിയുള്ള മരുന്നുകള്‍ കുറച്ച് കാലത്തേക്ക് ഉപയോഗിക്കേണ്ടി വന്നേക്കാം. എന്നാല്‍ അവ ഒരു വിദഗ്ധ ഡോക്ടറുടെ നിര്‍ദേശാനുസരണമേ കഴിക്കാവൂ എന്ന കാര്യം മറക്കരുത്.

ബോധവല്‍ക്കരണ ക്ളാസുകള്‍ക്കും, സെമിനാറുകള്‍ക്കും പുകയില-പുകവലി നിയന്ത്രണ കാര്യത്തില്‍ ഏറെ പങ്ക് വഹിക്കാനാകും. സ്കൂള്‍ കുട്ടികളുടെയും, യുവജനങ്ങളുടെയുമിടയില്‍ പുകയില വിരുദ്ധ പ്രചാരണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സാമൂഹ്യ-സന്നദ്ധ സംഘടനകള്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. പുകവലിക്കെതിരെയുള്ള നിയമ നിര്‍മ്മാണങ്ങള്‍ക്കും പ്രസക്തി ഏറെയാണ്. പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധിയും, പുകയില- പുകവലി പരസ്യങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രഗവണ്‍മെന്റ് നടപടിയും ഈ രംഗത്തുണ്ടായ സുപ്രധാന കാല്‍വയ്പ്പുകളാണ്. പാന്‍മസാല നിരോധിച്ച കേരള സര്‍ക്കാരിന്റെ നടപടി പൊതുജനാരോഗ്യ രംഗത്ത് ഏറെ ഗുണം ചെയ്യുന്ന ഒന്നായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

അടുത്ത പത്ത് വര്‍ഷം കൊണ്ടെങ്കിലും ഒരു പുകയില, പുകവലി രഹിത ലോകം കെട്ടിപ്പെടുക്കാന്‍ നമുക്ക് സാധിക്കുമെങ്കില്‍ അതു നമ്മോടും ഭാവി തലമുറയോടും ചെയ്യുന്ന ഏറ്റവും വലിയ സേവനമായിരിക്കും.

 

Recommend to friends
  • gplus
  • pinterest

About the Author

Leave a comment