അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) ക്ക് ജിബ്‌രീല്‍ (അ) മുഖേന ഇരുപത്തി മൂന്ന് വര്‍ഷം കൊണ്ട് അവതരിക്കപ്പെട്ട ഗ്രന്ഥമാണ്‌ വിശുദ്ധ ഖുര്‍‌ആന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതും കേ‌ള്‍ക്കപ്പെടുന്നതും മനഃപ്പാടമാക്കപ്പെടുകയും ചെയ്യുന്നത് അല്ലാഹുവിന്റെ കലാമായ ഖുര്‍‌ആന്‍ മാത്രമാണ്‌. ഖുര്‍‌ആന്‍ പാരായണം ഇബാദത്ത് (ആരാധന) ആണ്‌ (അ‌ര്‍ത്ഥം അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും). ഖുര്‍ആന്‍ എന്നതിന്റെ അര്‍ത്ഥം വായിക്കാനുള്ളത് എന്നാണ്‌.

അന്ത്യനാല്‍ വരെ ഈ വിശുദ്ധ ഗ്രന്ഥം മനുഷ്യരാശിയുടെ മാര്‍ഗദര്‍ശിയായി നില നില്‍ക്കും. സൃഷ്ടിപ്പ്, വളര്‍ച്ച, പ്രത്യുല്പാദനം, പ്രപഞ്ചഘടന, അവയിലൊളിഞ്ഞു കിടക്കുന്ന രഹസ്യങ്ങള്‍, സമുഹ്യവ്യവസ്ഥിതി, നാഗരികത, അവയുടെ ഉത്ഥാന പതനങ്ങള്‍, മനുഷ്യോല്പത്തി മുതല്‍ വിവിധ കാലഘട്ടങ്ങളിലെ മാനവ സമൂഹത്തിന്റെ ഗതി വിഗതികള്‍, ഉല്‍കൃഷ്ടരായ പ്രവാചകന്മാരുടെ സന്ദേശങ്ങള്‍, അവയുടെ സ്വാധീനം ഇതൊക്കെ ഖുര്‍ആനില്‍ പഠന വിഷയങ്ങളാണ്.

ഖുര്‍ആന്‍ മനുഷ്യരുടെ നന്മക്കുവേണ്ടി അല്ലാഹു അവതരിപിച്ചിട്ടുള്ള ആശയ പദ്ധതികളായതിനാല്‍ താല്പര്യത്തോടെ വായിക്കാനും ചിന്തിക്കാനും അവ വകനല്‍കുന്നു. ഖുര്‍ആന്‍ വചനങ്ങള്‍ എക്കാലത്തും പുതുമ ഉള്ളതാണ്. സാമ്പത്തിക ശാസ്ത്രവും നീതി ശാസ്ത്രവും മാനവ സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണല്ലോ. അടുക്കളയോ രാഷ്ട്രീയമോ ഭരിക്കുന്നവര്‍ക്കും തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ഖുര്‍ആന്‍ നല്‍കുന്നു. ദുര്‍ബ്ബല വിഭാഗത്തിന്റെ ഉന്നമനവും സ്ത്രീകളുടെ അവകാശ സംരക്ഷണവും വിശദമായി തന്നെ ഖുര്‍‌ആന്‍ ചര്‍ച്ച ചെയ്യുന്നു. ചിലത് വയിച്ച് പഠിക്കാനുള്ളതാണ് .മറ്റു ചിലതാകട്ടെ, ഗവേഷണങ്ങളിലൂടെ വിശദാംശങ്ങള്‍ കണ്ടെത്താനുള്ളതാണ്.

ഖുര്‍‌ആന്‍ വചനങ്ങള്‍ പകര്‍ത്തിയ ഗ്രന്ഥത്തിന്‌ മുസ്ഹഫ് എന്ന് പറയുന്നു. പല വസ്തുക്കളിലെഴുതിയിരിക്കുന്ന വചനങ്ങളുടെ സമാഹാരത്തിന്‌ ഒരു പേര്‌ കണ്ടുപിടിക്കാന്‍ അബുബക്കര്‍(റ) സഹാബികളോട് ആവശ്യപ്പെടുകയും പല അഭിപ്രായങ്ങളില്‍ നിന്ന് മുസ്ഹഫ് എന്ന പേര്‌ തെരഞ്ഞെടുക്കുകയും ചെയ്തു. ഖുര്‍‌ആനും മുസ്‌ഹഫും ഒന്ന് തന്നെ ആണ്.

ശുദ്ധി ഇല്ലാതെ സ്പര്‍ശിക്കാന്‍ പാടുള്ളതല്ല. മറ്റു ഗ്രന്ഥങ്ങള്‍ അതിന്റെ മുകളില്‍ വെക്കുന്നത് നിഷിദ്ധമാണ്. നിന്ദിക്കുന്ന യാതൊന്നും സംഭവിച്ചുകൂട. മുസ്ഹഫിനെ അനാദരിച്ചാല്‍ അത് അല്ലാഹുവിനോടുള്ള അനാദരവാണ്. മുസ്ഹഫുള്ള റൂമിലേക്ക്‌ കടക്കുമ്പോള്‍ ശുദ്ധി ഉറപ്പു വരുത്തുന്ന പതിവ് മുന്‍ഗാമികളുടെ ചരിത്രത്തില്‍ കാണാം. കോടിക്കണക്കായ മുസ്ഹഫുകള്‍ ഇന്ന് ലോകത്തുണ്ട്. മുസ്ഹഫിന്റെ ഒരു പ്രതി സൂക്ഷിക്കാത്ത ഒരു മുസ്ലിം വീട് പോലും ഉണ്ടാവില്ല. അത്രയധികം പാരായണം ചെയ്യപെടുന്ന ഒരു ഗ്രന്ഥം ലോകത്ത് വേറെ ഏതുണ്ട്‌.

ഈ ഗ്രന്ഥത്തെ മാറ്റി മറിക്കാന്‍ യഹൂദികളും മറ്റു ശത്രുക്കളും ശ്രമിച്ചിട്ടുണ്ട്. ആ ശ്രമങ്ങള്‍ അത്രയും അല്ലാഹു പരാജയപ്പെടുത്തി. ഇതിനെ ഖിയാമത്തുനാള്‍ വരെ അവന്‍ നിലനിര്‍ത്തുകയും ചെയ്യും. അവനു സ്തുതി അവനത്രെ ഉന്നതന്‍.

ഇസ്ലാമിക പ്രമാണങ്ങളില്‍ ഒന്ന് വിശുദ്ധ ഖുര്‍‌ആനാണ്. ജിബ്‌രീല്‍(അ) മുഖേന അല്ലാഹു നബി(സ) ക്ക് അവതരിപ്പിച്ച വഹ്‌യുകളാണ് ഖുര്‍‌ആന്‍ ഉള്‍കൊള്ളുന്നത്. തികച്ചും അമാനുഷികമാണ് ഇ വാക്യങ്ങള്‍. ഈ ഗ്രന്ഥത്തിന് തുല്യമായി മറ്റൊരു രചന ഇന്നേ വരെ ലോകത്തെവിടെയും നടന്നിട്ടില്ല.

ഖുര്‍‌ആന്‍ തന്നെ പറയട്ടെ: “തങ്ങള്‍ പറയുക! ഖുര്‍‌ആന്‍ പോലെ ഒന്ന് കൊണ്ടുവരുന്നതില്‍ ജിന്നും ഇന്‍‌സും ഒരുമിച്ചു കൂടിയാല്‍ പോലും ഇതിനു തുല്യം ഒന്ന് കൊണ്ട് വരുവാന്‍ സാധ്യമല്ല. അവരില്‍ ചിലര്‍ ചിലര്‍ക്കു സഹായികളായാലും”(അല്‍ ഇസറഅ 88).

ഖുര്‍‌ആന്റെ അമാനുഷികതയും അസാധരണത്വവും ഈ സൂക്തത്തില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്‌.
ഖുര്‍‌ആന്‍ മനുഷ്യന്റെ വക്യങ്ങളല്ല അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായ പ്രവാചകന്‍(സ)ക്ക് അല്ലാഹു നല്‍കിയ വാക്യങ്ങളാണ്. വിജ്ഞാനതിന്റെ സര്‍‌വ്വമാന ശാഖകളും ഉള്‍കൊള്ളുന്ന അഭുതപൂര്‍‌വ്വമായ സമാഹാരമാണ് ഖുര്‍‌ആന്‍. ദൃഷ്‌ടാന്തങ്ങള്‍ ഉറപ്പിക്കപ്പെട്ട ഗ്രന്ഥമാണത്. പിന്നീട് അത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. ജ്ഞാനിയും തന്ത്രശാലിയുമായ അല്ലാഹുവില്‍ നിന്നാണ് അതിന്റെ അവതരണം(ഹൂദ്‌:1). ഇമാം റാസി(റ) ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇപ്രകാരം പറയുന്നു ‘ഫുസ്സ്വിലത്’ എന്ന വാക്കിന്റെ വിവക്ഷ മനുഷ്യര്‍ക്കാവശ്യമായ എല്ലാ കാര്യങ്ങളുടെയും വിശദീകരണം എന്നാണ്.

ഇസ്ലാമാകുന്ന ജീവിത വ്യവസ്ഥിതി ഉള്‍ക്കൊള്ളുന്ന മുഴുവന്‍ വിഷയങ്ങളിലേക്കും വെളിച്ചം വീശുന്ന ഗ്രന്ഥമാണ് ഖുര്‍‌ആന്‍. മേല്‍ വിശദീകരണത്തില്‍ നിന്ന് ഇത് വ്യക്തമാണ്‌. പ്രത്യക്ഷമോ പരോക്ഷമോ ആയ രൂപത്തില്‍ എല്ലാ വസ്തുക്കളും ഖുര്‍‌ആനില്‍ പരാമര്‍‌ഷിക്കപ്പെടുമെന്ന് എന്ന ചുരുക്കം. ഭാരമുള്ള വാക്യങ്ങള്‍ അങ്ങയുടെ മേല്‍ നാം അവതരിപ്പിക്കുമെന്നു ഖുര്‍ആനിനെകുറിച്ച് അല്ലാഹു പറയുന്നു. ഒരു സാധാരണക്കാരന്‌ ഖുര്‍‌ആനില്‍ നിന്ന് ഇത്രയും കാര്യങ്ങള്‍ സ്വന്തമായി ഗ്രഹിക്കാന്‍ സധ്യമല്ലെന്നു ഇതില്‍ നിന്ന് മനസ്സിലാക്കാം. ഖുര്‍‌ആന്റെ ആശയ സമ്പുഷ്ടത പ്രകടമാക്കുന്ന മറ്റൊരു സൂക്തം കാണുക. “എല്ലാ വസ്തുക്കളുടെയും പൂര്‍‌ണ്ണ വിശദീകരണമായി ഖുര്‍‌ആനിനെ തങ്ങളുടെ മേല്‍ നാം ഇറക്കി”(നഹല്:89). “ഖുര്‍‌ആനില്‍ നിന്ന് ഒന്നിനെയും നാം വിട്ടു കളഞ്ഞിട്ടില്ല”(അന്‍ആം:38). ഒരു ഹദീസില്‍ ഇങ്ങനെ കാണാം. തീര്‍ച്ച നിങ്ങളുടെ മുന്‍‌ഗാമികളുടെയും പിന്‍‌ഗാമികളുടെയും ചരിത്രം ഖുര്‍‌ആന്‍ ഉള്‍കൊള്ളുന്നു. നിങ്ങള്‍ക്കിടയില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളുടെ വിധികളും ഖുര്‍‌ആനില്‍ ഉണ്ട്. ഇമാം ശാഫിഈ (റ)യുടെ വാക്കുകള്‍ കാണുക “ഭൂതകാലത്ത് സംഭവിച്ചതും ഭാവികാലത്ത് സംഭവിക്കാവുന്നതുമായ പ്രശ്നങ്ങള്‍ക്കൊക്കെയുള്ള വിധി നിര്‍ണയിക്കപെട്ടതിന്റെ രേഖ ഖുര്‍‌ആനിലുണ്ട്. ജ്ഞാനികള്‍ക്കു മാത്രമേ അവ അറിയൂ”.

Recommend to friends
  • gplus
  • pinterest

About the Author

Leave a comment