മറവിയുടെ സുജൂദ് എന്നാണ്‌ ഈ പദത്തിന്നര്‍ത്ഥം. അവസാനത്തെ അത്തഹിയ്യാത്തും നബി(സ) യുടെ പേരിലുള്ള സ്വലാത്തും ദുആയും കഴിഞ്ഞതിനുശേഷം സലാം വീട്ടുന്നതിനു മുമ്പായി നിര്‍വ്വഹിക്കുന്ന രണ്ട് സുജൂദുകളാണിവ. (ഹനഫീ മദ്‌ഹബില്‍ വ്യത്യസ്തമായ രീതി ആണ്‌). താഴെ പറയുന്ന കാരണങ്ങളുണ്ടായാല്‍ ഈ സുജൂദ് ചെയ്യണം.

1. അബ്‌ആള്‌ സുന്നത്തുകളില്‍ ഏതെങ്കിലും ഒന്ന് ചെയ്യാതിരിക്കുക.

2. മനഃപൂര്‍വ്വം ചെയ്താല്‍ നിസ്ക്കാരം ബാഥിലായിപ്പൂകുന്ന കാര്യം മറന്നു ചെയ്യുക.

3. നിസ്ക്കാരത്തിന്റെ കര്‍മ്മങ്ങളിലൊന്ന് ചെയ്തോ ഇല്ലയോ എന്ന് സംശയിക്കുക.

4. ഇമാം സഹ്‌വിന്റെ സുജൂദ് ചെയ്യുക.

മറവികള്‍ കൂടുതല്‍ ഉണ്ടെങ്കിലും സുജൂദ് രണ്ട് മതി. ഈ രണ്ടു സുജൂദുകളും ഇടയിലെ ഇരുത്തവും നിസ്ക്കാരത്തിലെ സാധാരണ സുജൂദും ഇരുത്തവും പോലെയാണ്‌. അവയിലെ ദിക്‌റുകളും സമം തന്നെ. സഹ്‌വിന്റെ സുജൂദില്‍ “സുബ്‌ഹാന മന്‍ ലാ യനാമു വലാ യസ്‌ഹൂ”(അര്‍ത്ഥം: ഉറക്കവും മറവിയുമില്ലാത്തവന്‍ (അല്ലാഹു) പരിശുദ്ധന്‍) എന്നു ചൊല്ലണമെന്ന് ഒരഭിപ്രായമുണ്ട്. സുജൂദ് തുടങ്ങുമ്പോള്‍ സഹ്‌വിന്റെ സുജൂദ് ചെയ്യുന്നു എന്ന് കരുതല്‍ നിര്‍ബന്ധമാണ്‌. അബ്‌ആളല്ലാത്ത സുന്നത്തുകള്‍ ഉപേക്ഷിച്ചതിന്‌ സുജൂദ് സുന്നത്തില്ലെന്ന് അറിവുള്ളയാള്‍ മനഃപൂ‌ര്‍‌വം സുജൂദ് ചെയ്താല്‍ നിസ്കാരം ബാത്വിലാകും.

നിസ്ക്കരിച്ച റക്‌അത്തുകളുടെ എണ്ണത്തില്‍ സംശയമുണ്ടാവുകയും കൂടുതലായിരിക്കാന്‍ സാധ്യതയുണ്ടാവുകയും ചെയ്താലും സഹ്‌വിന്റെ സുജൂദ് സുന്നത്താണ്‌. നിസ്ക്കരിച്ചത് മൂന്ന് റക്‌അത്തോ അതോ നാല്‌ റക്‌അത്തോ എന്നു സംശയിച്ചാല്‍ ഒരു റക്‌അത്ത് കൂടി നിസ്ക്കരിക്കുകയും സുജൂദ് ചെയ്യുകയും വേണം.

ജമാഅത്ത് നിസ്ക്കാരത്തില്‍ ഇമാമിന്റെ പക്കല്‍ എന്തെങ്കിലും മറവി സംഭവിച്ചാല്‍ പിന്നിലുള്ള മ‌അ്‌മൂമുകള്‍ – പുരുഷന്മാര്‍ – ‘സുബ്‌ഹാനല്ലാഹ്’ എന്ന് തസ്ബീഹ് ചൊല്ലിക്കൊണ്ട് ഇമാമിനെ ഉണര്‍ത്തേണ്ടതാണ്‌. മ‌അ്‌മൂമുകള്‍ സ്ത്രീകളാണെങ്കില്‍ അവര്‍ തസ്ബീഹ് ചൊല്ലുന്നതിനു പകരം കൈ കൊട്ടുകയാണ്‌ വേണ്ടത്. ഇങ്ങനെ ഹദീസുകളില്‍ വന്നിട്ടുണ്ട്.

Recommend to friends
  • gplus
  • pinterest

About the Author

Leave a comment