സ്ത്രീകള്‍ എടുക്കേണ്ട മുന്‍‌കരുതലുകള്‍

ഒറ്റക്കൊരു സ്ത്രീ ഇടുങ്ങിയ വഴിയില്‍, ഇരുപാത വക്കത്ത്, ബസ്റ്റാന്റില്‍ അല്ലെങ്കില്‍ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റില്‍ പെടുമ്പോള്‍ ഗോവിന്ദച്ചാമിയെ പോലൊരു കുറ്റവാളി നേരെ ചാടി വരുമ്പോള്‍ ചെറുത്ത് നില്‍കാന്‍ പോയിട്ട് ഒന്നുറക്കെ നിലവിളിക്കാന്‍ പോലും മറന്നുപോകും. ഇങ്ങനെ ഒരു കമ്പാര്‍ട്ട്മെന്റില്‍ ഒറ്റപ്പെട്ടുപോയതിന്റെ പേരിലാണ്‌ ചെറുതുരുത്തിക്കടുത്ത് വെച്ച് സൗമ്യ എന്ന പെണ്‍കുട്ടി ഗോവിന്ദച്ചാമിയുടെ മൃഗീയതകള്‍ക്ക് ഇരയായതും ഒടുവില്‍ ജീവന്‍പോലും നഷ്ടമാവേണ്ടിവന്നതും.
ഈ സംഭവം സ്ത്രീ എവിടെയും സുരക്ഷിതയല്ല എന്ന ഭീതിപ്പെടുത്തുന്ന ഓര്‍മ്മപ്പെടുത്തലായി നമ്മെ വേട്ടയാടുകയാണ്‌. അത്കൊണ്ട് യാത്രയിലും വീട്ടിലൊറ്റക്കായിരിക്കുമ്പോഴുമെല്ലാം സ്ത്രീ മുന്‍‌കരുതലെടുക്കണമെന്ന് പോലീസ് പറയുന്നു.
ഒറ്റക്കുള്ള യാത്ര ഒഴിവാക്കാന്‍ പറ്റാത്തതാണെങ്കിലും ചില മുന്‍‌കരുതലുകള്‍ നമ്മെ വലിയ അപകടങ്ങളില്‍ നിന്നും രക്ഷിച്ചേക്കാം. സ്ത്രീകള്‍‍ക്കെതിരെയുള്ള അക്രമങ്ങളുടെ പഴയ രീതികളും ഇപ്പോള്‍ മാറിയിട്ടുണ്ട്. ആഭരണ കവര്‍ച്ച മാത്രമല്ല, മാനഭംഗപ്പെടുത്തുക എന്നതും കൂടി ഇപ്പോള്‍ അക്രമികള്‍ ലക്ഷ്യം വെക്കുന്നുണ്ട്. അതുകൊണ്ട് അക്രമങ്ങള്‍ പലപ്പോഴും മൃഗീയമായി മാറുന്നു. സൗമ്യയുടെ ദുരന്തം‌ ഇതിനുദാഹരണമാണ്‌.
ചില ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുന്‍‌കരുതലുകളും

രാത്രി കാലങ്ങളില്‍ നിങ്ങള്‍ ബസ്റ്റാന്റിലോ, റെയില്‍‌വേ സ്റ്റേഷനിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടു പോവുന്നു എന്നു തോന്നു‌മ്പോള്‍ ആ‌ള്‍ക്കൂട്ടത്തിലേക്ക് മാറി നില്‍ക്കുക.

സ്ഥിരമായി ആളും വെളിച്ചവുമില്ലാത്ത സ്ഥലങ്ങളില്‍ തനിച്ച് സഞ്ചരിക്കുന്നത് പരമാവധി ഒഴിവാക്കുക. ഓഫീസ് വിട്ട് പോവുമ്പോഴും മറ്റും കൂട്ടത്തില്‍ പോവുക.

യാത്ര ചെയ്യുമ്പോള്‍ ട്രെയിനില്‍ അല്ലെങ്കില്‍ ബസ്സില്‍ നിങ്ങളുടെ സുരക്ഷക്കായി എന്തൊക്കെ സം‌വിധാനങ്ങളുണ്ടെന്ന് മനസ്സിലാക്കുക.

ട്രെയിനില്‍ എമര്‍‌ജെന്‍സി ചങ്ങല, ഗര്‍‌ഡ് റൂം എന്നിവ എവിടെയാണെന്ന് നേരത്തെ അറിഞ്ഞ് വെക്കുക. ഇതോടൊപ്പം എന്തെങ്കിലും അപകടത്തില്‍ പെട്ടേക്കുമോ എന്ന് അറിയാന്‍ ചുറ്റുപാടുകളെ കുറിച്ച് മനസ്സിലാക്കി വെക്കുക.

അടിയന്തിര സഹായത്തിനു എന്തെങ്കിലും നമ്പറുണ്ടെങ്കില്‍ അത് മൊബൈല്‍ ഫോണിലോ ഒരു തുണ്ട് കടലാസിലോ എഴുതി സൂക്ഷിച്ച് വെക്കുക. തേടുമ്പോള്‍ സ്ഥലം പറയണമെന്നു മാത്രം.

സ്വര്‍ണ്ണാഭരണങ്ങള്‍ ചുരിദാറിന്റെ ഷാള്‌ കൊണ്ടോ സാരിത്തലപ്പ് കൊണ്ടോ മറച്ച് വെക്കുക. യാത്ര ചെയ്യു‌മ്പോള്‍ മൊബൈല്‍ സംസാരത്തിലും മറ്റും മുഴുകി പരിസരം മറന്ന് പോവാതിരിക്കുക.

വേണമെങ്കില്‍ സ്വയം രക്ഷക്കായി മുളക് പൊടി, കുരുമുളക് സ്പ്രേ പോലുള്ള കാര്യങ്ങള്‍ കയ്യില്‍ കരുതാം. വിദേശരാജ്യങ്ങളില്‍ സ്വയം രക്ഷക്കായി സ്ത്രീകള്‍ കുരുമുളക് സ്പ്രേ ഉപയോഗിക്കുന്നുണ്ട്.

ആക്രി കച്ചവടക്കാരനായും മറ്റും വീട്ടില്‍ കയറിവരുന്നയാളെ വീടിന്റെ കോമ്പൗണ്ടില്‍ കയറ്റാതിരിക്കുക. ഇത്തരം ആളുകളെ കുറിച്ച് സംശയം തൊന്നുന്നുവെങ്കില്‍ ഉടനെ പോലീസില്‍ അറിയിക്കാന്‍ ശ്രമിക്കുക. ഇങ്ങനെ വരുന്നവരുടെ കൈയ്യില്‍ അപകടകരമായ എന്തെങ്കിലും ആയുധങ്ങളുണ്ടായേക്കാം, അതേക്കുറിച്ചും ബോധവതികളായിരിക്കണം.

അക്രമത്തിന്‌ ഇരയാവുന്നവര്‍ അത് മറച്ച് വെക്കുന്നതും പരാതി നല്‍കാന്‍ വിസമ്മതിക്കുന്നതും ഒഴിവാക്കണം. ഇത് പ്രതികളെ സഹായിക്കുന്നതിനു തുല്യമാവും. അപമാനം ഭയന്ന് പ്രതികരിക്കാതിരിക്കുന്നതും ക്രിമിനലുകള്‍ക്ക് പ്രചോദനമാകും. പരാതി പറയാനും പോലീസിനെ കൊണ്ട് കേസെടുപ്പിക്കുവാനും സ്ത്രീകള്‍ തയ്യാറാവണം. പോലീസിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ സമീപനമുണ്ടായില്ലെങ്കില്‍ നിങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സഹായം തേടണം. ഒരാളെങ്കിലും മാതൃകാപരമായി ശിക്ഷിക്കപ്പെടാന്‍ ഇരകളാവുന്ന സ്ത്രീകളുടെ തന്നെ സഹായമാണ്‌ വേണ്ടത്.
നിങ്ങളെ സഹായിക്കാന്‍ പോലീസ് ഉണ്ട്
എവിടെയെങ്കിലും ഒറ്റപ്പെട്ടു പോയതിന്റെ പേരില്‍ അക്രമത്തിന്‌ ഇരയാവാതിരിക്കാന്‍ പോലീസിനും നിങ്ങളെ സഹായിക്കാനാവുമെന്ന് പോലീസ് പറയുന്നു. നിങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടാവും എന്നു ഭയം തോന്നിയാല്‍ തന്നെ പോലീസിന്റെ അടിയന്തിര നമ്പറില്‍ ബന്ധപ്പെടാം. ഏത് പാതിരാത്രിക്കും പോലീസ് സഹായിക്കാന്‍ തയാറാണ്‌. നിങ്ങള്‍ എവിടെയാണുള്ളതെന്നു കൃത്യമായി പറയണമെന്നു മാത്രം. തീവണ്ടിയാത്രക്കാര്‍ക്കായി 9846200100 എന്ന ട്രെയില്‍ അലേ‌ര്‍‌ട്ട് നമ്പറുണ്ട്. 24 മണിക്കൂറും ഈ നമ്പറില്‍ സേവനം ലഭ്യമാണ്‌. ഫോണ്‍ ചെയ്യാന്‍ പറ്റാതെ വന്നാല്‍ 9497900000 എന്ന നമ്പറിലേക്ക് സഹായം തേടി സന്ദേഷം (SMS) അയക്കാം. സംസ്ഥാനത്ത് എവിടെ നിന്നും നിങ്ങള്‍ക്ക് പോലിസിന്റെ സഹായം ലഭിക്കും. എവിടെ എങ്കിലും ഒറ്റപ്പെട്ടാല്‍ അല്ലെങ്കില്‍ ഭയം കൊണ്ട് യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥ വന്നാല്‍, പോലീസിലും സഹായിക്കാന്‍ സം‌വിധാനങ്ങളുണ്ട്. 8129000000 എന്ന പോലീസിന്റെ കാള്‍ സെന്ററിലോ, 1091 എന്ന വനിതാ ഹെല്‍‌പ്പ് ലൈനിലോ സഹായമഭ്യര്‍ത്ഥിക്കാം.
പോലീസ് നിങ്ങളെ സുരക്ഷിതമായ സ്ഥലത്തെത്തിക്കും. ഇതിനു പുറമെ ഒറ്റപ്പെട്ടു പോവുന്ന സ്ത്രീകള്‍‌ക്കായി എല്ലാ സ്റ്റേഷനുകളിലും പ്രത്യേക വനിതാ ഹെ‌ല്‍‌പ്പ് ഡെസ്കുകളുണ്ട്. സഹായം തേടുന്നവര്‍ക്ക് സുരക്ഷിതമായി നേരം പുലരും വരെ വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ വനിതാ ഹെ‌ല്‍‌പ്പ് ഡെസ്ക് ചെയ്ത് കൊടുക്കും. നിങ്ങള്‍ ചെയ്യേണ്ടത് ഒരു കാര്യം മാത്രം, ഈ നമ്പറുകള്‍ മൊബൈലില്‍ സൂക്ഷിച്ച് വെക്കുക. അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ മറക്കാതിരിക്കുക.
ഈ അടിയന്തിര സഹായങ്ങള്‍ക്ക് പുറമെ അക്രമങ്ങള്‍ക്ക് ഇരയായ വനിതകളുടെ ചികില്‍സക്കും മറ്റും സഹായിക്കാനും പോലീസ് സം‌വിധാനങ്ങള്‍ ഉണ്ട്.
തീവണ്ടിയിറങ്ങി വീട്ടിലേക്ക് പോകാന്‍ ഭയം തോന്നിയാല്‍, നിങ്ങള്‍ക്ക് തൊട്ടടുത്തുള്ള ഓട്ടോ പ്രീപെയ്ഡ് കൗണ്ടറിലുള്ള പോലീസുകാരന്റെ സഹായം തേടാം. സ്ത്രീകളുടെ സുരക്ഷാ കാര്യത്തില്‍ ഓരോ പോലീസുകാരനും കണ്ണും കാതും തുറന്നിരിക്കണം.

Recommend to friends
  • gplus
  • pinterest

About the Author

Leave a comment