പ്ലസ് ടു കഴിഞ്ഞാല്‍ ചേരാവുന്ന പത്ത് കോഴ്‌സുകള്‍

പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയാല്‍ മികച്ച ഭാവിയിലേക്കുള്ള വഴി എഞ്ചിനീയറിങ്ങും മെഡിസിനും മാത്രമല്ല. എന്‍ട്രന്‍സ് പരീക്ഷകളില്‍ മികവ് തെളിയിക്കാനാകാതെ പോയവര്‍ നിരാശപ്പെടേണ്ട കാര്യവുമില്ല. നിരവധി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ നിങ്ങളെ കാത്തിരിക്കുന്നു.സ്വന്തം അഭിരുചിക്കും കഴിവിനും അനുസരിച്ചുള്ള കോഴ്‌സ് തിരഞ്ഞെടുക്കുക. തീര്‍ച്ചയായും ജീവിതവിജയം നിങ്ങള്‍ക്ക് സ്വന്തമാക്കാം. പഠനസൗകര്യം, അംഗീകാരം, ചെലവ്, ഗുണമേന്മ, തൊഴില്‍സാധ്യത തുടങ്ങി നിരവധി ഘടകങ്ങള്‍ പരിഗണിച്ചുവേണം ഉപരിപഠനത്തിനുള്ള കോഴ്‌സ് തിരഞ്ഞെടുക്കാന്‍.

ഹോട്ടല്‍ മാനേജ്‌മെന്റ്

ടൂറിസം മേഖല വളരുന്നതിനനുസരിച്ച് ഹോട്ടല്‍ മാനേജ്‌മെന്റ്, ഹോസ്​പിറ്റാലിറ്റി മാനേജ്‌മെന്റ്, കാറ്ററിങ് ടെക്‌നോളജി കോഴ്‌സുകള്‍ പാസ്സായവര്‍ക്ക് തൊഴിലവസരങ്ങളും വര്‍ധിക്കുകയാണ്.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി ത്രിവത്സര ബി.എസ്.സി. ഹോസ്​പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് നടത്തുന്നു. അഖിലേന്ത്യാ പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. കേരളത്തിലെ പഠന കേന്ദ്രങ്ങള്‍ 1. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്‍റ്, കോവളം 2. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, വെസ്റ്റ്ഹില്‍, കോഴിക്കോട് 3. ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, ലക്കിടി, വയനാട്.

ഇതു കൂടാതെ സംസ്ഥാനത്തെ 12 ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വ്വീസ് കോഴ്‌സുണ്ട്. പ്ലസ് ടു പാസ്സായവര്‍ക്കാണ് പ്രവേശനം. സംസ്ഥാന വിനോദസഞ്ചാര വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (ഗകഠഠട) തലശ്ശേരി കേന്ദ്രത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ് (6 മാസം), തിരുവനന്തപുരം കേന്ദ്രത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ എയര്‍ഹോസ്റ്റസ്, വിദൂരപഠനം വഴി നടത്തുന്ന ഡിപ്ലോമ ഇന്‍ ടൂറിസ്റ്റ് റിസോര്‍ട്ട് ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ സ്​പാ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കും പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം.

കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് നടത്തുന്നുണ്ട്. ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി കോഴ്‌സ് നടത്തുന്ന നിരവധി സ്വകാര്യ സ്ഥാപനങ്ങളുമുണ്ട്.

സൈബര്‍ ലോ

നിയമജ്ഞാനവും ഒപ്പം കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയെക്കുറിച്ച് അറിവും ഉള്ളവര്‍ക്ക് സൈബര്‍ ലോയില്‍ തിളങ്ങാം. നിയമ ബിരുദധാരികള്‍ക്ക് മാത്രമല്ല, ഐ.ടി. മേഖല ഉള്‍പ്പെടെ മറ്റു രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സൈബര്‍ ലോ പഠനത്തിന് അവസരമുണ്ട്.
ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്ന ‘ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഓണ്‍ സൈബര്‍ ലോസ്’ ഇന്റര്‍നെറ്റ് സൗകര്യമുള്ള ആര്‍ക്കും ചേരാവുന്ന കോഴ്‌സാണ്. വിശദവിവരങ്ങള്‍ക്ക് e_cyber@ilidelhi.org എന്ന വിലാസത്തില്‍ ഇ-മെയില്‍ അയച്ചാല്‍ മതി.

പ്രമുഖ സ്ഥാപനങ്ങള്‍:

1. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് സൈബര്‍ ലോസ്, പൂണെ: ഡിപ്ലോമ ഇന്‍ സൈബര്‍ ലോ- (കറസ്‌പോണ്ടന്‍സ് കോഴ്‌സ്- ഫീസ് 3600 രൂപ), ഡിപ്ലോമ ഇന്‍ സൈബര്‍ ക്രൈം പ്രോസിക്യൂഷന്‍ ആന്‍ഡ് ഡിഫന്‍സ് (കറസ്‌പോണ്ടന്‍സ് കോഴ്‌സ്. ഫീസ്: 21000 രൂപ), വെബ്: www.asianlaws.org 2. സിംബയോസിസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി, പൂണെ (ഡിപ്ലോമ ഇന്‍ സൈബര്‍ ലോസ്. ഫീസ്: 6000 രൂപ) വെബ്: www.siu.edu.in 3. നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, ജോധ്പൂര്‍: (ബി.എസ്.സി. ടെക്‌നോളജി-ഓണേഴ്‌സ്. ഫീസ്: 99,000 രൂപ) വെബ്: www.nluodhpur.ac.in 4. നല്‍സാര്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോ, ആന്ധ്ര പ്രദേശ്: (ഡിപ്ലോമ ഇന്‍ സൈബര്‍ ലോ. ഫീസ് ഏതാണ്ട് 14,000 രൂപ) വെബ്: www. nalsarpro.org

സ്​പീച്ച് തെറാപ്പി

സംസാരവൈകല്യമുള്ളവര്‍ക്ക് പരിശീലനത്തിലൂടെ സംസാരശേഷി പകര്‍ന്നുനല്‍കുക എന്നതാണ് സ്​പീച്ച് തെറാപ്പിസ്റ്റിന്റെ ഉത്തരവാദിത്വം. ആസ്​പത്രികളില്‍ മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാമൂഹികക്ഷേമ സ്ഥാപനങ്ങളിലും സന്നദ്ധ സംഘടനകളിലുമൊക്കെ ഇപ്പോള്‍ സ്​പീച്ച് തെറാപ്പിസ്റ്റിന് അവസരങ്ങളുണ്ട്.

ബി.എസ്‌സി. ഓഡിയോളജി, ബി.എസ്‌സി. സ്​പീച്ച് ആന്‍ഡ് ഹിയറിങ്, ഡിപ്ലോമ ഇന്‍ സ്​പീച്ച് ആന്‍ഡ് ഹിയറിങ് തുടങ്ങിയ കോഴ്‌സുകളില്‍ പ്ലസ് ടു (സയന്‍സ്) പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ചേരാം. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, മുംബൈയിലെ അലിയാവര്‍ജങ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹിയറിങ് ഹാന്‍ഡിക്യാപ്‌സ്, മൈസൂരിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്​പീച്ച് ആന്‍ഡ് ഹിയറിങ് തുടങ്ങിയവയാണ് ഈ രംഗത്തെ പ്രമുഖ സ്ഥാപനങ്ങള്‍. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്​പീച്ച് ആന്‍ഡ് ഹിയറിങ്, കോഴിക്കോട് കല്ലായിയിലെ എ.ഡബ്ല്യു.എച്ച് സ്‌പെഷ്യല്‍ കോേളജ്, പാലക്കാട് ജില്ലയില്‍ ഷൊര്‍ണൂരിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കമ്യൂണിക്കേറ്റീവ് ആന്‍ഡ് കോഗ്‌നിറ്റീവ് ന്യൂറോസയന്‍സസ് തുടങ്ങിയ സ്ഥാപനങ്ങളിലും ബി.എസ്.സി. കോഴ്‌സുണ്ട്.

സ്റ്റോക്ക് ബ്രോക്കര്‍

വന്‍കിട, വിദേശ നിക്ഷേപകര്‍ മാത്രമല്ല ലക്ഷക്കണക്കിന് ചെറുകിട നിക്ഷേപകരും ഇന്ത്യന്‍ ഓഹരി വിപണിയിലെ സജീവ സാന്നിധ്യമാണ്. ഇവര്‍ക്കായി ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയുമാണ് സ്റ്റോക്ക് ബ്രോക്കര്‍മാരുടെ ജോലി. സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരം നേടുകയും നിശ്ചിത തുക ഡെപ്പോസിറ്റ് ചെയ്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അംഗത്വം നേടുകയും ചെയ്താല്‍ സ്റ്റോക്ക് ബ്രോക്കറാകാം. സ്വന്തം നിലയിലോ ഏതെങ്കിലും സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനത്തിലെ അംഗമായോ പ്രവര്‍ത്തിക്കാം. മ്യൂച്വല്‍ ഫണ്ട്, കണ്‍സള്‍ട്ടന്‍സി, മര്‍ച്ചന്റ് ബാങ്ക്, പെന്‍ഷന്‍ ഫണ്ട്, ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങിയവയിലും അവസരങ്ങളുണ്ട്.

പ്ലസ് ടു പാസ്സായവര്‍ക്ക് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും നടത്തുന്ന ഹ്രസ്വകാല കോഴ്‌സുകള്‍ ഈ രംഗത്ത് തുടക്കമിടാന്‍ സഹായകമാവും. വളരെ കുറഞ്ഞ ഫീസ് മാത്രമാണ് ഈ കോഴ്‌സുകള്‍ക്കുള്ളത്. എന്‍.എസ്.ഇ. സര്‍ട്ടിഫിക്കേഷന്‍ ഇന്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് (ചഇഎങ), ബി.എസ്.ഇ. സര്‍ട്ടിഫിക്കേഷന്‍ ഇന്‍ സെക്യൂരിറ്റി മാര്‍ക്കറ്റ് (ആഇടങ) തുടങ്ങിയ കോഴ്‌സുകള്‍ കൊച്ചിന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലഭ്യമാണ്. ഫോണ്‍: 0484 – 3048521

പ്രമുഖ സ്ഥാപനങ്ങള്‍: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് ഡവലപ്‌മെന്റ്, ന്യൂഡല്‍ഹ ി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിങ്, മുംബൈ കോളജ് ഓഫ് ബിസിനസ് സ്റ്റഡീസ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി.

സെക്രട്ടേറിയല്‍ പ്രാക്ടീസ്

ഓഫീസ് അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി, സ്റ്റെനോഗ്രാഫര്‍, റിപ്പോര്‍ട്ടര്‍, ഇന്‍സ്ട്രക്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യാനുള്ള വൈദഗ്ദ്ധ്യം തേടുകയാണ് സെക്രട്ടേറിയല്‍ പ്രാക്ടീസ് പഠനത്തിലൂടെ. കൃത്യനിഷ്ഠ,വേഗം, കാര്യഗ്രഹണശേഷി തുടങ്ങിയ ഗുണങ്ങളുള്ളവര്‍ക്ക് യോജിച്ച മേഖലയാണിത്. ഷോര്‍ട്ട് ഹാന്‍ഡ്, ടൈപ്പ്‌റൈറ്റിങ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ ഇതിന്റെ ഭാഗമാണ്.

സംസ്ഥാനത്ത് 17 ഗവണ്‍മെന്റ് കമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളിലാണ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സ് നടത്തുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന രണ്ടുവര്‍ഷത്തെ കോഴ്‌സിന് എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി. മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്ലസ്ടു പാസ്സായവര്‍ക്ക് 10 മാര്‍ക്ക് കൂടുതല്‍ ലഭിക്കും. ഓരോ ഇന്‍സ്റ്റിറ്റിയൂട്ടിലും 60 സീറ്റുകള്‍ വീതമുണ്ട്.

ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ സ്ഥലവും ഫോണ്‍ നമ്പറും.: 1. മണ്ണന്തല, തിരുവനന്തപുരം – 2540494, 2. നെല്ലിപ്പള്ളി, പുനലൂര്‍, കൊല്ലം – 2229670, 3. ഇരുമ്പുപാലം, കല്ലുപാലം, ആലപ്പുഴ – 2237175, 4. ഏറ്റുമാനൂര്‍, കോട്ടയം – 2537676, 5. ളാലം, പാല, കോട്ടയം – 2201650, 6. കാഞ്ചിയാര്‍, കട്ടപ്പന, ഇടുക്കി – 8271058, 7. കല്ലൂര്‍, എറണാകുളം, 8. കോതമംഗലം, എറണാകുളം – 2828557, 9. പോത്താനിക്കാട്, മൂവാറ്റുപുഴ – 2564709, 10. അഷ്ടമിച്ചിറ, മാള, തൃശൂര്‍ – 2892619, 11. നൂറാണി, പാലക്കാട് – 2532371, 12. മഞ്ചേരി,മലപ്പുറം – 2761565, 13. കൊരയങ്ങാട് സ്ട്രീറ്റ്, കൊയിലാണ്ടി, കോഴിക്കോട് – 2624060, 14. കല്ലാച്ചി, കോഴിക്കോട് – 2554300, 15. തളിപ്പറമ്പ്, കണ്ണൂര്‍, 16. ചെറുകുന്ന്, കണ്ണപുരം, കണ്ണൂര്‍-2861819, 17. മീനങ്ങാടി, വയനാട് – 248380.

റീട്ടെയില്‍ മാനേജ്‌മെന്റ്

റിലയന്‍സ്, സുഭിക്ഷ, ഐ.ടി.സി. റീട്ടെയില്‍, ബിഗ് ബസാര്‍, പാന്റലൂണ്‍…. റീട്ടെയില്‍ വിപണനരംഗത്തെ വന്‍കിട സംരംഭങ്ങള്‍. ഇവയില്‍ ജോലി തേടണമെങ്കില്‍ റീട്ടെയില്‍ വിപണനരംഗത്തെ പ്രത്യേക കോഴ്‌സുകള്‍ പാസ്സായിരിക്കണം. ലോകത്താകെ പ്രതിവര്‍ഷം ഈ മേഖലയില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നാണ് കണക്ക്. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് പഠനം നടത്താവുന്നത് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് തലത്തിലുള്ള കോഴ്‌സുകളിലാണ്.

പ്രമുഖ സ്ഥാപനങ്ങള്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റീട്ടെയില്‍ ട്രെയിനിങ്ങ് (കകഞഠ), ന്യൂഡല്‍ഹി ഇന്ത്യന്‍ റീട്ടെയില്‍ സ്‌കൂള്‍, വസന്ത്കുഞ്ജ്, ന്യൂഡല്‍ഹി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റീട്ടെയില്‍ മാനേജ്‌മെന്റ്, ന്യൂഡല്‍ഹി അക്കാദമി ഓഫ് അപ്ലൈഡ് ആര്‍ട്‌സ്, ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി.

ഇ-കോമേഴ്‌സ്

ഓണ്‍ലൈന്‍ വ്യാപാരം ഇന്ന് വിപണിയുടെ ഒരു പ്രധാനഘടകമാണ്. ഓണ്‍ലൈന്‍ ബാങ്കിങ്, ഇലക്‌ട്രോണിക് ടിക്കറ്റിങ്, ഇന്‍സ്റ്റന്റ് മെസേജിങ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡാറ്റാ എക്‌സ്‌ചേഞ്ച്, ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍… ഇവയൊക്കെ ഇ-കൊമേഴ്‌സിന്റെ ഭാഗമാണ്.

വെബ് പ്രോഗ്രാമിങ് ആന്റ് ആപ്ലിക്കേഷന്‍ ഡവലപ്പര്‍, ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, വെബ്മാസ്റ്റര്‍ തുടങ്ങിയ തസ്തികകളിലാണ് തൊഴില്‍ അവസരങ്ങള്‍. വിവിധ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയറുകളെക്കുറിച്ചുള്ള അറിവ് ഈ ജോലികള്‍ക്ക് അനിവാര്യമാണ്.

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഇ-കൊമേഴ്‌സ് ബിരുദപഠനം നടത്താം. ബാച്ചിലര്‍ ഓഫ് ഇ-കൊമേഴ്‌സ് (B. E-Com.), ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഇന്‍ -കൊമേഴ്‌സ് മുതലായവയാണ് പ്രധാന കോഴ്‌സുകള്‍. ചില സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുമുണ്ട്.

പ്രമുഖ സ്ഥാപനങ്ങള്‍: അണ്ണ യൂണിവേഴ്‌സിറ്റി, ചെന്നൈ (One year Certified ecommerce programme) ദേവി അഹല്യവിശ്വവിദ്യാലയ, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, ഇന്‍ഡോര്‍ (BeC) ഡോ.ബി.ആര്‍. അംബേദ്കര്‍ യൂണിവേഴ്‌സിറ്റി, ആഗ്ര (B.E. E Com) എസ്.പി.ജയിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് മുംബൈ (Ecommerce application training for six months) കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി (Diploma in ecommerc-e).

ജ്വല്ലറി ഡിസൈന്‍

ആഭരണങ്ങള്‍ക്ക് പത്തരമാറ്റേകാന്‍ പരിശുദ്ധ സ്വര്‍ണം മാത്രം പോര. ഒരു കലാകാരന്റെ കരവിരുതും കൂടി വേണം. ആ സിദ്ധി കൈവശമുണ്ടെന്ന് ഉറപ്പാകണമെങ്കില്‍ ജ്വല്ലറി ഡിസൈന്‍ പരിശീലിക്കാം. ആഭരണ കയറ്റുമതി സ്ഥാപനങ്ങള്‍ മുതല്‍ നാടന്‍ വിപണിയെ ലക്ഷ്യമിടുന്ന സ്ഥാപനങ്ങള്‍ വരെ ഒരു ജ്വല്ലറി ഡിസൈനറുടെ സേവനം തേടുന്നു. സ്വയം തൊഴില്‍ കണ്ടെത്താനും ഈ മേഖലയില്‍ കഴിയും.

ജ്വല്ലറി ഡിസൈനില്‍ ത്രിവത്സര ബിരുദം (ബി.എഫ്.എ.) നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. പ്ലസ്ടുവാണ് പ്രവേശന യോഗ്യത. ഇതിനു പുറമേ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുമുണ്ട്. 16,000 രൂപ മുതല്‍ 25000 രൂപ വരെയാണ് ഹ്രസ്വകാല കോഴ്‌സുകളുടെ ഫീസ്.

പ്രമുഖ സ്ഥാപനങ്ങള്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജെമ്മോളജി, ന്യൂഡല്‍ഹി ഇന്ത്യന്‍ ഡയമണ്ട് ഇന്‍സ്റ്റിറ്റിയൂട്ട്, സൂറത്ത് ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, മുംബൈ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജ്വല്ലറി ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി, ന്യൂഡല്‍ഹി സ്‌മോള്‍ ഇന്‍ഡസ്ട്രീസ് സര്‍വ്വീസ് സെന്റര്‍, ചെന്നൈ

മര്‍ച്ചന്റ് നേവി

യാത്രകളും സാഹസികതയും ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കില്‍, മര്‍ച്ചന്റ് നേവിയില്‍ അവസരങ്ങളുണ്ട്. ചരക്കുകപ്പലുകള്‍ മുതല്‍ ആഡംബര വിനോദസഞ്ചാരകപ്പലുകള്‍ വരെ നിങ്ങളെ കാത്തിരിക്കുന്നു.

ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നിവ പഠിച്ച് പ്ലസ്ടു പാസ്സായവര്‍ക്ക് മര്‍ച്ചന്റ് നേവി കോഴ്‌സുകള്‍ക്ക് ചേരാം. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാരിടൈം സ്റ്റഡീസ് (ഐ.ഐ.എം.എസ്.) ആണ് ഈ രംഗത്തെ പ്രമുഖ സ്ഥാപനം. എല്ലാ വര്‍ഷവും ഐ.ഐ.ടി. പൊതുപ്രവേശന പരീക്ഷയുടെ (IITJEE) അടിസ്ഥാനത്തിലാണ് ഇവിടെ പ്രവേശനം. നാവിഗേറ്റിങ്ങ് ഓഫീസര്‍, മറൈന്‍ എഞ്ചിനീയര്‍, ഓഫീസര്‍ തസ്തികകളില്‍ ജോലി നേടാന്‍ ഈ കോഴ്‌സ് ഉപകരിക്കും.

ഫയര്‍ ഫൈറ്റിങ്, ഡെക്ക് റേറ്റിങ്, ഡെക്ക് കേഡറ്റ്‌സ്, മേറ്റ് ഫങ്ഷന്‍, ഫസ്റ്റ് എയ്ഡ്, ടാങ്കര്‍ ഫെമിലിയറൈസേഷന്‍ തുടങ്ങിയ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളുമുണ്ട്. ഒരു ലക്ഷം രൂപയിലേറെയാണ് മിക്ക കോഴ്‌സുകള്‍ക്കും ഫീസ്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ മാത്രമേ പഠനത്തിന് തിരഞ്ഞെടുക്കാവൂ. അംഗീകാരമുള്ള സ്ഥാപനങ്ങളുടെ പട്ടിക www.dashipping.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളത്തില്‍ അഞ്ച് അംഗീകൃത സ്ഥാപനങ്ങളുണ്ട്. (1) കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (2) യൂറോ ടെക് മാരിടൈം അക്കാദമി, കൊച്ചി (3) ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറൈന്‍ എഞ്ചിനീയേഴ്‌സ്, കൊച്ചി (4) യൂണിവണ്‍ മാരിടൈം ട്രെയിനിങ്ങ് അക്കാദമി, കൊച്ചി (5) കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ കുഞ്ഞാലിമരയ്ക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എഞ്ചിനീയറിങ്.

ആക്ച്വറി

കണക്കില്‍ അഭിരുചിയുള്ളവര്‍ക്ക് ആക്ച്യൂറിയല്‍ ജോലികള്‍ ഇണങ്ങും. പ്ലസ്ടു പാസ്സായ ആര്‍ക്കും 18 വയസ്സ് തികഞ്ഞാല്‍ ആക്ച്യൂറിയല്‍ സയന്‍സില്‍ പരിശീലനം തേടാം. ആക്ച്യൂറിയല്‍ സൊസൈറ്റി ഓഫ് ഇന്ത്യ ആണ് ഈ മേഖലയിലെ പ്രധാന സ്ഥാപനം.
ലൈഫ് ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ടുകള്‍, കണ്‍സള്‍ട്ടന്‍സികള്‍, റിസ്‌ക് മാനേജ്‌മെന്റ് മുതലായ മേഖലകളിലാണ് ആക്ച്വറികള്‍ക്ക് അവസരം. ഇന്‍ഷുറന്‍സ് പദ്ധതികളുടെ ആസൂത്രണം മുതല്‍ ഉപഭോക്താക്കള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കല്‍ വരെ ആക്ച്വറികളുടെ പണിയാണ്.

സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ ശാസ്ത്രീയമായി പ്രവചിക്കുകയും റിസ്‌കുകള്‍ കണ്ടെത്തുകയുമാണ് ജോലി. ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും സ്വന്തമാക്കാവുന്ന മേഖലയാണിത്. പഠനച്ചെലവ് താരതമ്യേന കുറവുമാണ്. പകുതി പേപ്പറുകള്‍ പാസ്സായാല്‍ നല്ല സ്റ്റൈപ്പന്റോടെ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ ട്രെയിനിയായി ചേരാം. വിശദവിവരങ്ങള്‍ ംംം.മരൗേൃശലശെിറശമ.ീൃഴ എന്ന സൈറ്റില്‍ ലഭിക്കും

Recommend to friends
  • gplus
  • pinterest

About the Author

Leave a comment